Thursday 1 September 2011

എല്ലാം ഓര്‍മ്മിച്ചവന്‍





















സുങ്ങ് രാജ്യത്തെ
ഹോട്സെ എന്നയുവാവിന്
മറവി പിടിപ്പെട്ടു
അയാള്‍ വീട്ടിലിരിയ്ക്കാന്‍ മറന്നു
തെരുവില്‍ നടക്കാന്‍ മറന്നു
വായിയ്ക്കാനും, ചിന്തിയ്ക്കാനും മറന്നു
പിന്നീടയാള്‍ ബന്ധുമിത്രങ്ങളെ മറന്നു
പകലും, രാവും മറന്നു
ഉണ്ണാന്‍ മറന്നു,
ഉടുക്കാനും, ഉറങ്ങാനും മറന്നു
ഒടുവില്‍ സ്വന്തം പേരുമറന്നു
അങ്ങിനെ ഒരുവനായിരുന്ന ഹോട്സെ
ഒരുന്നാള്‍ ആരുമല്ലാതായി...
വൈദ്യന്മാര്‍ക്കും, മാന്ത്രികമാര്‍ക്കും
അയാളെ ചികിത്സിച്ചു ആരെങ്കിലുമാക്കാന്‍ കഴിഞ്ഞില്ല
അവസാനം പണ്ഡിതനായ മെന്‍ഷ്യസിന്റെ ഉപദേശപ്രകാരം
അയാളെ മൂന്നു പകലും രാവും പട്ടിണിയ്ക്കിട്ടു
അപ്പോള്‍ അയാള്‍ ഉണ്ണാനോര്‍മ്മിച്ചു
മഞ്ഞില്‍ കിടത്തിയപ്പോള്‍ അയാള്‍ ഉടുപ്പും പുതപ്പും ഓര്‍മ്മിച്ചു
പിന്നീട് അവര്‍ അയാളെ വര്‍ത്തമാനത്തിലിരുത്തി
അപ്പോളയാള്‍ ഭൂതകാലമോര്‍മിച്ചു
അവര്‍ അയാളെ കഴിഞ്ഞകാലത്തിരുത്തി
അപ്പോളയാള്‍ ഭാവിയോര്‍മ്മിച്ചു
പതുക്കെ പതുക്കെ അയാള്‍ എല്ലാം ഓര്‍മ്മിച്ചു
ദൈന്യം കലങ്ങിയ ഒരു നിലവിളീയോടെ
അയാള്‍ മെന്‍ഷ്യസിനോട് പറഞ്ഞു
ആരുമില്ലാതിരുന്നപ്പോള്‍ എനിയ്ക്ക് ഭാരമേ ഇല്ലായിരുന്നു
പരിധിയും ചുമതലയുമില്ലാത്ത
സ്വാതന്ത്ര്യമായിരുന്നു എനിയ്ക്ക് മറവി
അങ്ങിപ്പോള്‍ കഴിഞ്ഞതും വരാനിരിയ്ക്കുന്നതുമായ
എല്ലാഖേദങ്ങളും എനിയ്ക്ക് തിരിച്ച് തന്നു
ദയവായി എന്റെ ഓര്‍മ്മകള്‍ അങ്ങെടുക്കുക
പകരം എനിയ്ക്കെന്റെ വിസ്മൃതി തിരിച്ച് നല്‍കുക
അയാള്‍ക്ക് മറവി തിരിച്ച് നല്‍കാന്‍
മെന്‍ഷ്യസിന് കഴിഞ്ഞില്ല..
അതുകൊണ്ട് ഹോട്സെയുടെ പരമ്പരയില്‍പ്പെട്ട നാം
മനുഷ്യര്‍ ഇന്നും എല്ലാം ഓര്‍മ്മിയ്ക്കുവാന്‍
ആരെങ്കിലുമായിരിയ്ക്കുവാന്‍ ശപിയ്ക്കപ്പെട്ടിരിയ്ക്കുന്നു..




കവിത: എല്ലാം ഓര്‍മ്മിച്ചവന്‍
രചന: സച്ചിദാനന്ദന്‍
ആലാപനം: സച്ചിദാനന്ദന്‍

7 comments:

  1. ആരുമില്ലാതിരുന്നപ്പോള്‍ എനിയ്ക്ക് ഭാരമേ ഇല്ലായിരുന്നു
    പരിധിയും ചുമതലയുമില്ലാത്ത
    സ്വാതന്ത്ര്യമായിരുന്നു എനിയ്ക്ക് മറവി
    അങ്ങിപ്പോള്‍ കഴിഞ്ഞതും വരാനിരിയ്ക്കുന്നതുമായ
    എല്ലാഖേദങ്ങളും എനിയ്ക്ക് തിരിച്ച് തന്നു
    ദയവായി എന്റെ ഓര്‍മ്മകള്‍ അങ്ങെടുക്കുക
    പകരം എനിയ്ക്കെന്റെ വിസ്മൃതി തിരിച്ച് നല്‍കുക......

    പാവം മനുഷ്യന്‍ ....
    സ്മൃതിയില്‍ ദുഃഖസാഗരത്തില്‍ മുഴുകുന്നു അവന്‍....

    ReplyDelete
  2. ഓര്‍മ്മകള്‍ ചിലപ്പൊഴെങ്കിലും ശാപമായ് മാറുന്നു..!

    ReplyDelete
  3. What a fantastic thought! Definetley, sometime rememberance become a curse, that always haunting us.. Sometime rememberance haunting us life time and people seems to disappointed. Thak you Kochumuthalali for such a wonderful post. keep posting, wish you all the best!

    Rajesh Bhaskar.
    TX

    ReplyDelete
  4. ഇവിടെ വന്ന് കവിതകേട്ട എല്ലാവര്‍ക്കും നന്ദി..
    ഓര്‍മ്മകള്‍ ശാപമായ് മാറുന്ന അവസ്ഥ തീര്‍ത്തും ഭീകരമാണ്.. അത്രയും ഒരവസ്ഥയിലേയ്ക്കൊരാള്‍ എത്തണമെങ്കില്‍ അയാള്‍ അത്രയ്ക്ക് നിരാശപ്പെടുന്നുണ്ടായിരിയ്ക്കും തന്റെ ജീവിതത്തെ.. മറവിയിലേയ്ക്കാഴുന്നിറങ്ങാന്‍ വെമ്പുന്ന ഹൃദയങ്ങള്‍ക്ക് പുതുജീവനുണ്ടാകട്ടെ...

    ReplyDelete
  5. ഏകലവ്യൻ22 October 2022 at 02:17

    "ആരുമില്ലാതിരുന്നപ്പോള്‍ എനിയക്ക് ഭാരമേ ഇല്ലായിരുന്നു
    പരിധിയും ചുമതലയുമില്ലാത്ത
    സ്വാതന്ത്ര്യമായിരുന്നു എനിക്ക് മറവി... "

    ഓർമ്മകൾക്ക് മരണമില്ല

    ReplyDelete