Sunday 28 August 2011

കുലം


അഗ്നിസത്യങ്ങള്‍ക്കു ബലിയല്ല നീ
നഗ്നപാപങ്ങള്‍ക്കു നദിയല്ല നീ
അശ്വവേഗങ്ങള്‍ക്കൊരിരയല്ല
കാലങ്ങളശ്രുകൊണ്ടെഴുതേണ്ട കഥയല്ല നീ
അശ്രുകൊണ്ടെഴുതേണ്ട കഥയല്ല നീ
നിന്നെ ഞാനറിയുന്നു ഭദ്രേ
നിന്‍ നേരിലെരിയുന്നു രുദ്രേ

വെള്ളിമേലാവേറുമിന്ദ്രമോഹങ്ങള്‍തന്‍
പള്ളിയറ നിന്നെ മോഹിച്ചു
കുലമഹിമ ചിതല്‍‌തിന്ന നാലുകെട്ടറയിലെ
കുരുതിയ്ക്കു നിന്നെത്തളച്ചു
മനുമന്ത്രവാദികളുഴിഞ്ഞ പന്തങ്ങളാല്‍
ദേവിയായ് നീ ദേവദാസിയായി
നിന്‍റെ ചുടുചോര പുരുഷന്നു രതിപുഷ്പമായ്
ചുടുകണ്ണുനീര്‍ത്തുള്ളി കവിദുഃഖമായ്
നിന്നെ ഞാനറിയുന്നു ഭദ്രേ
നിന്‍ നേരിലെരിയുന്നു രുദ്രേ

പരിചയും വാളും നിനക്കു നീ മാത്രം
ഇനി ഒരു വിഗ്രഹത്തിന്‍റെ മൗനമല്ല
മണ്ണിനിമകളില്‍പ്പിടയും വിഷാദമല്ല
പുറ്റുമൂടുന്നൊരീ കോലകപ്പുരകളില്‍
രുദ്രതാളം നീ പടര്‍ത്തും, ജീവന്‍റെ
ഭദ്രസംഗീതം നിറയ്ക്കും...


കവിത: കുലം
രചന: മധുസൂദനന്‍ നായര്‍
ആലാപനം: മധുസൂദനന്‍ നായര്‍

1 comment:

  1. ഇനി ഒരു വിഗ്രഹത്തിന്‍റെ മൗനമല്ല
    മണ്ണിനിമകളില്‍പ്പിടയും വിഷാദമല്ല
    പുറ്റുമൂടുന്നൊരീ കോലകപ്പുരകളില്‍
    രുദ്രതാളം നീ പടര്‍ത്തും, ജീവന്‍റെ
    ഭദ്രസംഗീതം നിറയ്ക്കും...

    ReplyDelete