Monday 22 August 2011

നീയില്ലാത്തൊരോണം


ഓണച്ചിന്തുകള്‍ പാടാന്‍ നീയില്ലാത്തൊരോണം
പടികടന്നെത്തുന്നു
പോയാണ്ടില്‍ വന്നു പോയ പൊന്നാവണി പൂവുകള്‍
വീണ്ടും ഇങ്ങെത്തുന്നു
തുമ്പിയും മൈനയും പൂക്കളില്‍ മേയുന്ന
തൂശീമുഖികളും എത്തുന്നു
പുള്ളോക്കുടങ്ങളും മൂളുന്നു
വന്നാത്തി പുള്ള്കളും പടിയില്‍ ചിലയ്ക്കുന്നു
പഴയൊരു വില്ലിന്മേല്‍ ഇഴകള്‍ മുറുക്കി
പാടാന്‍ എല്ലാരും എത്തുന്നു
എന്നാലിക്കുറി ഈ ചെറു പന്തിയില്‍
നിന്നെ കാണാതാകുന്നു
തോഴാ നിന്നോണ ചിന്തുകള്‍ കേള്‍ക്കാത്തോരോണം
വന്നിതാ പോവുന്നു
നാമീ വീട്ടിലെ ഉണ്ണികള്‍ക്ക് എല്ലാം
നാവോറു പാടി പലകാലം
നാമീ തൊടിയിലെ പൂവിനും പുല്ലിനും
നാളികേരത്തിനും നാരക തയ്യിനും
നാല് തോന്ന്യാക്ഷരം ചേലില്‍ കുറിച്ചിട്ട
നാരായ തുമ്പിനും നല്ലൊരു മണ്ണിനും
നാഴിയരിക്കായ്‌ മടയ്ക്കും മനുഷ്യനും
നാവോറു പാടി പലകാലം
നാമീ മുറ്റത്തു മഞ്ഞില്‍ മരവിച്ച
രാവില്‍ തീ കാഞ്ഞിരുന്നപ്പോള്‍
നാവുകള്‍ ഈണത്തില്‍ പാടി പൊലിപ്പിച്ച ഒരായിരം
പുത്തന്‍ പുരാണങ്ങള്‍
ആടിയരുതിക്ക് പൊട്ടി പുറത്തു -
ചീവോതി അകത്തെന്നുരുവിട്ടു
ബാധയോഴിപ്പിച്ച മന്ത്രങ്ങള്‍
പലേ ആധികള്‍ മാറ്റിയ തോറ്റങ്ങള്‍
ബോധച്ചുലര്‍ കത്തിയാളുന്നതാം
വെളിപാടുകലായ്‌ വന്ന പാട്ടുകളും
കൂടെ പിറന്നോര്‍ തന്‍ ഓര്മകളായ്
എന്നും കൂടെ പൊറുക്കുന്ന നോവുകളായ്
നാം ഇങ്ങു അരളികളാവുന്നു
തീ നാലങ്ങള്‍ക്ക് ഉയിരേകുന്നു
ഇത്തിരി ചൂടും വെളിച്ചവുമായി നാം
കത്തിയെരിഞ്ഞ്‌ മറയുന്നു
കര്പൂര തിരി പോലെ കത്തി
ചുറ്റും നറുമണം ആവുന്നു
ഒന്നിന് പിന്‍പേ ഒന്നായ്‌ വിറകുകള്‍ ഒരുപിടി
ചാരമായ് മാറുന്നു
എന്നാലും നമ്മള്‍ കേവല ലൌകിക
ബന്ധത്തിന്‍ ഇഴ മുറിയുമ്പോള്‍
മിഴികള്‍ തുളുമ്പി പോവുന്നു
സ്മ്രിതികള്‍ വിതുമ്പി പോവുന്നു
ഓണ ചിന്തുകള്‍ ഓര്‍മതന്‍ കണ്ണീര്‍ ചാലുകളായ്‌ ഒഴുകുന്നു
ഓണച്ചിന്തുകള്‍ പാടാന്‍ നീയില്ലാത്തൊരോണം
പടികടന്നെത്തുന്നു



കവിത: നീയില്ലാത്തൊരോണം
രചന: ഒ.എന്‍.വി
ആലാപനം: ഒ.എന്‍.വി

2 comments:

  1. നീയില്ലാത്തൊരോണം....
    ഓര്‍മതന്‍ നോവുകളായ്....

    ReplyDelete
  2. ഓണ ചിന്തുകള്‍ ഓര്‍മതന്‍ കണ്ണീര്‍ ചാലുകളായ്‌ ഒഴുകുന്നു
    ഓണച്ചിന്തുകള്‍ പാടാന്‍ നീയില്ലാത്തൊരോണം
    പടികടന്നെത്തുന്നു..........

    ReplyDelete