Saturday 20 February 2021

ശിശിരഗീതം

 




വെറുതെയാണെങ്കിലും നിന്നെയോർമ്മിക്കെയെൻ
ഹൃദയമത്യുച്ചം മിടിക്കുമാറുളളതും,
ഇരുളായ്‌ പൊലിഞ്ഞ പൊൻതാരകം പോലെന്റെ
സകലവും നീയേ വലിച്ചെടുക്കുന്നതും,
അറിയില്ല നീപോലു,മീരാവിൽ നോവു ഞാൻ
പറയുന്നതെന്നോടു മാത്രമായ്‌, ഒരു നോക്കു
തിരിയുവാൻ, നിൽക്കുവാൻ കനിയുകയില്ലെങ്കിലും
നിഴൽപോലുമെത്രയോ ദൂരെയെന്നാകിലും,
ഇതരസൗന്ദര്യങ്ങൾ പ്രണയകാലത്തിന്റെ
ഘടികാര ചക്രങ്ങളാക്കി നീയെങ്കിലും,
വിഫലമായ്‌പ്പോയ സമർപ്പണത്തിൻ സ്‌മൃതി,
ചിരവിയോഗത്തിൻ ദുരന്ത ദുഃഖദ്യുതി,
തിരകളായ്‌, അന്തകത്തിരകളായ്‌, വറ്റാത്ത
സ്വരസാഗരങ്ങളിൽ സ്വപ്‌നാന്തരധ്വനി…
പകരുവാൻ മറ്റെന്തിനി? കാറ്റടിച്ചു വീ-
ണെരിതീയറിഞ്ഞ മയിൽപ്പീലിതൻ ചിരി…



കവിത: ശിശിരഗീതം
രചന: വിജയലക്ഷ്മി
ആലാപനം: ബാബു മണ്ടൂർ

2 comments:

  1. കവിത മനോഹരമായി...ആലാപനത്തോടെ കവിതയ്ക്ക് ആത്മാവ് കൈവന്നു. മനോഹരമായി ആലാപനം...ആശംസകളോടെ...

    ReplyDelete