Tuesday, 31 July 2012

വള ചിണുക്കം


എന്റെ പൊണ്‍ വള എന്നോട് പിണങ്ങി ഇന്നലെ
കോരിയെടുക്കുമ്പോള്‍ ആദ്യമായ് കലമ്പി എന്നോട്
കണ്ടതേയില്ലെന്നിനി ഇന്നേവരെ കതിര്‍മണ്ഢപം തൊ-
ട്ടിന്നോളം വലം കെയ്യില്‍ നിന്നൊപ്പം
കറിക്കരിഞ്ഞപ്പോല്‍ ഒപ്പം ഉത്സാഹിച്ച്
കറിയിളക്കുമ്പോള്‍ ആദ്യം മണപ്പ്
കുളിയ്ക്കുമ്പോഴെല്ലാം അഴിച്ചു വെയ്ക്കുമ്പോഴും
ബാക്കിയായതില്‍ അഹങ്കരിച്ച്
മഞ്ഞള്‍ ചന്ദനം നുണഞ്ഞ്
നീയെഴുതിയതൊക്കെ ആദ്യം വായിച്ച്
ചിലപ്പോള്‍ ചിരിച്ച് ചിലപ്പോള്‍ കരഞ്ഞ്
പ്രണയരാവില്‍ അവന്റെ പിന്‍ കഴുത്തില്‍
നിനക്കുണ്ടി ഒരുമ്മ കൊടുത്ത്
നീ തളര്‍ന്നുറങ്ങുമ്പോള്‍
കാവലായ് തിളങ്ങി സദാ കൂടെ
എന്നിട്ടും കണ്ടേതേയില്ലിനി ഇന്നേവരെ
പണയം വെയ്ക്കുവാന്‍ ഊരിയെടുക്കുമ്പോള്‍
നീയൊന്നൊറിഞ്ഞു നോക്കുന്നു ആദ്യമായ്
മതി.. ആ മിഴിയില്‍ എനിയ്ക്കുമാത്രമായ്
പൊടിഞ്ഞ കണ്ണുനീര്‍ വീണ്ടെടുക്കുവാന്‍
നീ വരും വരെ ഓര്‍ത്തു കഴിയുവാന്‍ അതുമതി



കവിത: വള ചിണുക്കം
രചന: ബിന്ദു കൃഷ്ണന്‍
ആലാപനം: ദേവസേന

Monday, 30 July 2012

മധുരം മലയാളം


പുത്തന്‍ ഇളനീര്‍ കുളിര്‍ നുണയുമ്പോള്‍
മധുരം മലയാളം
പുത്തിരിയങ്ക ചുരിക കണക്കെ
ചടുലം മലയാളം

പൊന്നോണ പുകിലുകള്‍ പാടി
മധുരം മലയാളം
വയലേലകളുടെ ഈണം പാടി
മധുരം മലയാളം
വഞ്ചിപ്പാട്ടിന്‍ അഴകുമൊഴുക്കും
തഞ്ചും മലയാളം
തുള്ളല്‍ പാട്ടിന്‍ താളം തള്ളി
രമിയ്ക്കും മലയാളം

താരാട്ടിന്‍ നറു തേന്മണമൊഴുകി
പുണരും മലയാളം
തുഞ്ചന്‍ പാടിയുണര്‍ത്തിയ പൈങ്കിളി
കൊഞ്ചും മലയാളം
പഴമൊഴി മധുമൊഴി നറുമൊഴി തൂകി
ഞെളിയും മലയാളം
ഒരുമയിലോരുനവരാഗം പാടും
മധുരം മലയാളം




കവിത: മധുരം മലയാളം
രചന: യു.കെ. കുമാര്‍
പാടിയവര്‍: അഖില, ഭൈരവി, അനുജ & ദിവ്യ ചന്ദ്രന്‍

Sunday, 29 July 2012

യേശുദാസ്


ആര്‍ഷഭൂമിതന്‍ ദേവഗായകന്‍
ആകമാനുപ്രഭാമയന്‍
ഇന്ദ്രജാലമായ് മാറും നാദത്തിന്‍
ദിവ്യമാമൊരായാവന്‍
പാടൂ ഗീതത്തിന്‍ നന്മകള്‍ സ്വന്തം
പ്രാണനില്‍ എന്നും ഏറുവാന്‍

തംബുരു താനെ സ്പന്ദനം കൊള്‍വൂ
ഗന്ധര്‍വോപമ നാദത്താല്‍
അത്മവാടങ്ങള്‍ പൂവണിയുന്നു
തൂമകരന്ദ വര്‍ഷത്താല്‍
കണ്ണിനാനന്ദമേകുന്നുള്ളിലെ
വെള്ളപ്രാവിന്‍ പ്രഭാവത്താല്‍

എത്ര ഭാഷയെ ധന്യമാക്കിയ
നിസ്ഥൂല സ്വര വീചികള്‍
ഏക സാമ്രാജ്യമാക്കി സീമകള്‍
മാറ്റിയ രാഗ ദീപ്തികള്‍
താരസോപാനമേറി നില്‍ക്കിലും
ആ എളിമതന്‍ വാക്കുകള്‍

ഈ മലയാളം എത്രമേല്‍ ഹൃദ്യ-
മാര്‍ന്നതാണെന്നറിഞ്ഞതും
കൈരളി സ്വയം നൂപുരം ചാര്‍ത്തി
നൃത്താലോലയാകുന്നതും
നിസ്ഥുലലാപനങ്ങളല്ലോ നിത്യ
ചൈത്ര വിലാസവും..!

--------------------------------------------
മറ്റ് യേശുദാസ് കവിതകള്‍:-

--------------------------------------------




കവിത: യേശുദാസ്
രചന: പൂവച്ചല്‍ ഖാദര്‍
ആലാപനം: മഞ്ജരി

Friday, 27 July 2012

പട്ടാമ്പിപ്പുഴ മണലില്‍


പട്ടാമ്പിപ്പുഴ മൂളും
പാട്ടും കേട്ടൊരു നാളില്‍
വെറുതെ ഇത്തിരി നേരം
മണലില്‍ ഞാന്‍ ഇളവേല്‍ക്കേ
വെയിലാറി വരുന്നുണ്ട്
കുളിര്‍ക്കാറ്റിന് കനിവുണ്ട്
ഇരു കരയില്‍ തൈ തെങ്ങുകള്‍
മുടി കോതി നില്‍പ്പുണ്ട്
വെറുതെ ഇരിയ്ക്കുമ്പോഴെന്‍
വിരലോരോന്നെഴുതുകയായ്
മണലുഴുതു മറിയ്ക്കുകയായ്
മലയാളം തെളിയുകയായ്
അത്ഭുതമെന്‍ വിരലേതോ
നഗ്നതയില്‍ തൊട്ടതുപോല്‍
മണിലിളകുന്നിക്കിളിയാല്‍
ഉടലൊന്നു കുടഞ്ഞതുപോല്‍
കുതുകത്തോടവിടുത്തെ
മണല്‍ മാന്തിയൊഴിച്ചപ്പോള്‍
ഒരു സുന്ദരിയുണ്ടടിയില്‍
കനവൊണ്ടു കിടക്കുന്നു
ഉടുതുണിയില്‍ ഉടലില്‍
മിഴിയിണപൂട്ടി മയങ്ങുന്നു
നിറമാറില്‍ ചെവി ചേര്‍ക്കെ
ഹൃദയമിടിപ്പറിയുന്നു
പൊരുളറ്റ കടങ്കഥയോ
പുഴപെറ്റൊരു പൂമകളോ
മൊഴിയില്‍ പകരനാവാ-
ത്തൊരുപാവ നിഗൂഢതയോ
അവളുണരുന്നത് കാത്തി-
ട്ടരികത്ത് കിടന്നു ഞാന്‍
ഇരവേറി വരുന്നുണ്ട്
നനവാര്‍ന്നൊരു കാറ്റുണ്ട്
അറിയാതുറങ്ങിപ്പോയ്
ഞൊടിനേരം ഉണര്‍ന്നപ്പോള്‍
തെളിവാര്‍ന്ന നിലാവുണ്ട്
കരയില്‍ കരി നിഴലുണ്ട്
അവളരികത്തില്ലവിടെ
മണല്‍ നീങ്ങിയ കുഴിയുണ്ട്
കുഴിയില്‍ ചെളി വെള്ളത്തില്‍
മുഴുതിങ്കള്‍ തെളിയുണ്ട്
അകലെ കണ്ടേനപ്പോള്‍
ഉടലാര്‍ന്ന നിലാവൊളിയെ
അവളോ പുഴയോളത്തില്‍
നിലയില്ലാതാഴത്തില്‍
അരുതെന്ന് വിലക്കി ഞാന്‍
അലറിക്കൊണ്ടെന്നാലും
അരയോളം മാറോളം
പുഴയില്‍ താണവസാനം
അവളൊന്നു തിരിഞ്ഞെന്നെ
കടമിഴിയാല്‍ ഉഴിയുകയായ്
അതുമാത്രം പിന്നീടാ
മണല്‍ വിഗ്രഹം അലിയുകയായ്
പൊളിയില്ലിത് പിറ്റേന്നാ
പുഴയില്‍ നിന്നൊരു പെണ്ണിന്‍
ജഡവും കൊണ്ടൊരു ലോറി
കയറിപ്പോയതു കണ്ടു..



കവിത: പട്ടാമ്പിപ്പുഴ മണലില്‍
രചന: പി.പി. രാമചന്ദ്രന്‍
ആലാപനം: ബാബു മണ്ടൂര്‍

Thursday, 26 July 2012

സിന്ദൂര രേഖ


സീമന്തരേഖയില്‍ ഞാനിട്ട സിന്ദൂരം
എങ്ങിനെ മാഞ്ഞുപോയ് സീമന്തിനി
മഞ്ഞചരടില്‍ തിളങ്ങിനിന്നാമണി
താലിയിന്നെങ്ങുപോയ് സീമന്തിനി
താലിയിന്നെങ്ങുപോയ് സീമന്തിനി

തങ്കവളയിട്ട താമര കൈകളില്‍
തന്നു നിനക്കു ഞാന്‍ മന്ത്രകോടി
തിങ്ങും വികാരം ഒതുക്കി കിനാവുകള്‍
എത്രയോ നെയ്തു നീ സീമന്തിനി
എത്രയോ നെയ്തു നീ സീമന്തിനി

സ്വപ്നവിമാനത്തിലേറി പറന്നനിന്‍
തപ്ത വികാരങ്ങളെങ്ങുപോയി
പേണ്മഴയായ് പണ്ടു പെയ്തിറങ്ങി നെഞ്ചില്‍
പൂമണം ചാലിച്ച് സീമന്തിനി
പൂമണം ചാലിച്ച് സീമന്തിനി

ചാലെ മരന്ദങ്ങള്‍ മൂളുന്ന വാടിയില്‍
ചാരത്തിരുന്നൊരു സീമന്തിനി
ചേനിലാ കൂന്തലില്‍ ചൂടാത്ത പൂക്കളും
വാടിക്കരിഞ്ഞുപോയ് സീമന്തിനി
വാടിക്കരിഞ്ഞുപോയ് സീമന്തിനി

ആഴക്കടലിന്റെ തീരത്തൊരുത്തിരി
മണ്‍ തരി കൂമ്പാരം തീര്‍ത്തു നമ്മള്‍
സങ്കല്‍പ്പ ഗോപുരം തച്ചുടയ്ക്കാനൊരു
വണ്‍ തിര വന്നു പോയ് സീമന്തിനി
വണ്‍ തിര വന്നു പോയ് സീമന്തിനി

എത്ര കൊടുങ്കാറ്റായ് വീശിയെന്‍ ജീവിത
പാമരം തുള്ളിച്ച കൂട്ടുകാരി
എത്രമധുര പ്രതീക്ഷതന്‍ പായ് കപ്പല്‍
ആഴിയില്‍ തള്ളിച്ച സീമന്തിനി
ആഴിയില്‍ തള്ളിച്ച സീമന്തിനി

നിന്റെ സ്വപ്നങ്ങളില്‍ ഞാനെന്ന പാഴ്നിറം
ചേര്‍ക്കാന്‍ മടിച്ചൊരു കൂട്ടുകാരി
ചേര്‍ത്തിരുന്നെനെ നിന്‍ മാറോടു ചേര്‍ത്തു നീ
ഏതോ കിനാവുകള്‍ കണ്ടിരുന്നു
വേറെ ഏതോ കിനാവുകള്‍ കണ്ടിരുന്നു

അഗ്നിയ്ക്ക് ചുറ്റും വലം വെച്ചു നീ കരം
കോര്‍ത്തു പ്രദക്ഷിണം വെച്ച നാളില്‍
നഗ്നമാം നിന്മിഴി കോണുകള്‍ ചുറ്റിലും
എന്തു തിരഞ്ഞെന്റെ കൂട്ടുകാരി
എന്തു തിരഞ്ഞെന്റെ കൂട്ടുകാരി

എന്നും മണിയറയ്ക്കുള്ളില്‍ നിന്‍ ശൃംഗാര-
നിസ്വനം കേള്‍ക്കാന്‍ കൊതിച്ചിരുന്നു
എങ്ങുപോയെന്നോര്‍ത്തു സ്വാര്‍ത്ഥമാം ചിന്തകള്‍
കാടേറിയെങ്ങോ തപസ്സിരുന്നു
കാടേറിയെങ്ങോ തപസ്സിരുന്നു

കാറ്റും മഴയും നിലാതിങ്കളും മാഞ്ഞ
രാവില്‍ നനഞ്ഞൊരു സീമന്തിനി
പൂവും വിയര്‍പ്പാലെ മാഞ്ഞതോ ഞാനിട്ട
സിന്ദൂര രേഖയെന്‍ സീമന്തിനി
സിന്ദൂര രേഖയെന്‍ സീമന്തിനി

നിന്റെ നിശ്വസ കൊടുചൂടിലെപ്പോഴോ
നിന്നെയറിഞ്ഞു ഞാന്‍ കൂട്ടുകാരി
എന്റെ സങ്കല്‍പ്പത്തിലിത്ര കെടാത്ത-
തെന്‍ എന്റെ നിറയ്ക്കുന്നു കൂട്ടുകാരി
എന്റെ നിറയ്ക്കുന്നു കൂട്ടുകാരി

രാത്രിയാമങ്ങള്‍ തിരക്കിയെത്തും
നിലാ തിങ്കള്‍ കരിമ്പടം ചൂടി നില്‍ക്കെ
കാല്‍ പെരുമാറ്റം അകന്ന മുറ്റങ്ങളില്‍
കണ്ടില്ല നിന്നെയെന്‍ സീമന്തിനി
കണ്ടില്ല നിന്നെയെന്‍ സീമന്തിനി



കവിത: സിന്ദൂര രേഖ
രചന: ഹരി വെട്ടൂര്‍
ആലാപനം: ഹരി വെട്ടൂര്‍

Wednesday, 25 July 2012

ഗാന്ധിയും കവിതയും


ഒരു ദിവസം മെലിഞ്ഞ ഒരു കവിത
ഗാന്ധിയെ കാണാന്‍ ആശ്രമത്തിലെത്തി
കുനിഞ്ഞിരുന്ന് രാമനിലേയ്ക്കുള്ള നൂല്‍-
നൂല്‍ക്കുകയായിരുന്നു ഗാന്ധി
താന്‍ ഒരു ഭജനായാകത്തില്‍ലജ്ജിച്ച്
വാതിലില്‍ തന്നെ നിന്ന കവിതയെ
ഗാന്ധി ആദ്യം ശ്രദ്ധിച്ചില്ല
കവിത മുരടനക്കിയപ്പോള്‍
ഗാന്ധി നരകം കണ്ട തന്റെ കണ്ണടയിലൂടെ
ഇടം കണ്ണിട്ട് നോക്കി ചോദ്യമാരംഭിച്ചു..
എപ്പോഴെങ്കിലും നൂല്‍ നൂറ്റിട്ടുണ്ടോ?
തോട്ടിയുടെ വണ്ടി വലിച്ചിട്ടുണ്ടോ?
വെളുപ്പെണീറ്റ് അടുക്കളയിലെ പുകയേറ്റിട്ടുണ്ടോ?
എപ്പോഴെങ്കിലും പട്ടിണീ കിടന്നിട്ടുണ്ടോ?
കവിത പറഞ്ഞു..
ജനിച്ചത് കാട്ടിലായിരുന്നു
ഒരു നായാടിയുടെ വായില്‍
വളര്‍ന്നത് മുക്കുവത്തിയുടെ കുടിലിലും
എങ്കിലും പാട്ടല്ലാതെ ഒരു തൊഴിലും അറിയില്ല
കുറെക്കാലം പാട്ടുപാടി കൊട്ടാരങ്ങളില്‍ കഴിഞ്ഞു
അന്ന് വെളുത്ത് കൊഴുത്തിരുന്നു
ഇപ്പോള്‍ തെരുവിലാണ് അരവയറില്‍
ഗാന്ധി പുഞ്ചിരിച്ച് പറഞ്ഞു..
ഈ ഒടുവില്‍ പറഞ്ഞ കാര്യം നല്ലതു തന്നെ!
പക്ഷെ; സംസ്കൃതം പറയുന്ന ശീലം
മുഴുവനുപേക്ഷിയ്ക്കണം..
വയലിലേയ്ക്ക് ചെല്ലൂ..
കര്‍ഷകര്‍ സംസാരിയ്ക്കുന്നത് ശ്രദ്ധിയ്ക്കൂ..
കവിത ഒരു വിത്തായി രൂപം മാറി
വയലിലെത്തി പുതുമഴപെയ്ത്
നിലമുഴുതു മറിയ്ക്കാന്‍
കൃഷിക്കാരനെത്തുന്ന ദിവസവും-
കാത്ത് കിടന്നു..!



കവിത: ഗാന്ധിയും കവിതയും
രചന: സച്ചിദാനന്ദന്‍
ആലാപനം: സച്ചിദാനന്ദന്‍

Tuesday, 24 July 2012

നന്ദി തിരുവോണമേ


നന്ദി തിരുവോണമേ നന്ദി
നീ വന്നുവല്ലേ അടിമണ്ണിടഞ്ഞു-
കടയിളകി ചെരിഞ്ഞൊരു കുനും തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ

ആട്ടം കഴിഞ്ഞു കളിയരങ്ങത്തു
തനിച്ചു വെറുക്കനെ പടുതുരി കത്തി-
കരിഞ്ഞു മണത്ത കളിവിളക്കിന്‍ ചിരി
ഇപ്പഴോര്‍ക്കുന്നുവോ..
ഇനിയൊരു കളിയ്ക്കിത് കൊളുത്തേണ്ടെ-
യെന്നോര്‍ത്തിരിയ്ക്കെ നീ വന്നുവല്ലേ

പോയ തിരുവോണ ഘന മൌനമോര്‍ക്കുന്നുവോ
ചെറിയൊരു വെളിച്ചം പിടഞ്ഞു കെട്ടാല്‍
മൃതിപോല്‍ തണുത്ത നിറമിഴിനീര്‍ കുടങ്ങളൊരു
പ്രളയമായ് പൊട്ടി പുളഞ്ഞൊഴുകി
ഒക്കയും മൂടുവാന്‍ ചൂഴ്ന്നുറ്റു നില്‍ക്കുമൊരു
ഘന തിമിരമായി ഭൂമി നിന്നതോര്‍ക്കുന്നുവോ

നന്ദി തിരുവോണമേ നന്ദി നീ വന്നുവല്ലോ
ഇളവെയില്‍ കുമ്പിളില്‍ തരിമഴ നിറച്ച്
ഇടറുന്ന വഴികളില്‍ തുടുകഴല്‍ പൂക്കളം വിരിയിച്ച്
പുതുവാഴ കൂമ്പുപോല്‍ നീ വന്നുവല്ലോ

നന്ദി പോയ് വരിക വരുമാണ്ടിലും
നിഴലായ്, വെളിച്ചമായ്, കണ്ണീരായ്,
കനിവായ്, മൃതിയായ്, ജനിയായ്,
പലമട്ടിലാടിയും അണിയറ പൂകിയും
പിന്നെയും പുതുമോടി തേടിയും
അരിമയായ് അറിവായ് നറുമിഴി-
വിടര്‍ത്തി നീ വരുമാണ്ടിലും വരിക



കവിത: നന്ദി തിരുവോണമേ
രചന: എന്‍ എന്‍ കക്കാട്
ആലാപനം: വേണുഗോപാല്‍

Monday, 23 July 2012

മധുരം മലയാളം


മലയാളം കാണാന്‍ വായോ
മാമലകള്‍ കാണാന്‍ വായോ
മഴപെയ്യും നേരം പുഴയുടെ
മയിലാട്ടം കാണാന്‍ വായോ

മഞ്ജുളമാം നാട്ടില്‍ മാധവ-
കാലങ്ങള്‍ കാണാന്‍ വായോ
മനസ്സിന്റെ തീരത്തഴകില്‍
കാവ്യങ്ങള്‍ തീര്‍ക്കാന്‍ വായോ

പൊന്നോണക്കാലം വയലില്‍
കിന്നാരം പറയും കാറ്റില്‍
ഒന്നിച്ചു നടക്കാന്‍ വായോ
ഒന്നല്ലോ മാനവര്‍ നമ്മള്‍



കവിത: മധുരം മലയാളം
രചന: സത്യചന്ദ്രന്‍ പൊയില്‍ക്കാവ്
ആലാപനം: അഖില, ഭൈരവി, അനുജ & ദിവ്യ

Sunday, 22 July 2012

ഈ നാദം - ഒരു യേശുദാസ് കവിത


ഈ നാദം ഭൂമിയില്‍ ഒരേ ഒരാള്‍ക്ക്
ദൈവം നല്‍കിയ വരദാനം
ഈ പുണ്യം ഒരേ ഒരാളിന്
കനിഞ്ഞ് കിട്ടിയ ഗാനഗന്ധര്‍വ്വ ജന്മം
ഈ നാദം..

അഗാധ നീലിമ പീലിവിടര്‍ത്തും
അനന്ത വാത്സല്ല്യം
വികാര സാ‍ഗരം ഉള്ളിലിരമ്പും
വിഷാദ സൌന്ദര്യം
വിശ്വം മുഴുവനും ഉള്ളിലൊതുങ്ങും
വിശുദ്ധ മാധുര്യം
കളമുളയിലുള്ളിലൊതുക്കിയൊഴുക്കും
പാട്ടിന്‍ പാലാഴി
ഈ നാദം..

ഭാഷകളിപ്പോഴുമാ സ്വരമഴയില്‍
തരിച്ചു നില്‍ക്കുന്നു
അക്ഷരമാലകളാ ശ്രുതി തേടി
തുടിച്ചു നില്‍ക്കുന്നു
ഗാന വസന്തം പൂവിരാലാലൊരു
തംബുരു മീട്ടുന്നു
വാഴ്ത്താന്‍ വാക്കുകളില്ലാതിന്നെന്‍
മിഴികള്‍ തുളുമ്പുന്നു
ഈ നാദം..

--------------------------------------------
മറ്റ് യേശുദാസ് കവിതകള്‍:-

--------------------------------------------



കവിത: ഈ നാദം
രചന: കൈതപ്രം
ആലാപനം: മധു ബാലകൃഷ്ണന്‍

Friday, 20 July 2012

ഇളനീര്‍


വഴിയിലൂടെങ്ങും ഒഴുകുന്ന കാറ്റേ
അകലെയെങ്ങാനും അവനെ കണ്ടുവോ.
പശുക്കിടാവില്‍, കിളിക്കുഞ്ഞുങ്ങളില്‍,
കടല, കല്‍ക്കണ്ട തരിയിലും ചൊല്ലൂ
നിളയിലെ പൂഴിത്തറയില്‍ ഇത്തിരി
കവിത തന്നിളം കണ്ടുവോ
കളിയരങ്ങത്തെ തിരിവെളിച്ചത്തില്‍
കവിത പെയ്യുന്ന മിഴികള്‍ കണ്ടുവോ
പൊടി പറത്തിക്കൊണണ്ടിടയ്ക്കിടെ പായും
കരിവണ്ടി മൂളും കവിത കേട്ടുവോ
മുടിയിഴകളില്‍ വെളുത്ത പൂചൂടി
നടക്കുമോടിലും കവിതയിലെന്നോ
പഴയോരോണത്തിന്‍ മധുരവുമായിട്ടിരിയ്ക്കും
കണ്ണിലും കവിതയില്ലെന്നോ
നിലാവിനെ കോരി കുടിച്ചു ജീവിച്ച്
കവി മനസ്സിനും തുടര്‍ച്ചയില്ലെന്നോ
കരയുന്ന കുന്നിന്‍ ചെരിവിലെങ്ങാനും
ജീവന്‍ വെടിയുന്ന പുഴയ്ക്കരികിലെങ്ങാനും
അവനിരിപ്പുണ്ടോ കവിതന്‍ നിത്യഹരിതനാദമായ്
നിറഞ്ഞ കണ്ണുമായ് അവനിരിപ്പുണ്ടോ
കവിതന്‍ നിത്യഹരിതനാദമായ്
തുരുമ്പെടുത്തതാം പഴയവാക്കുകള്‍
വക്കൊടിഞ്ഞ് നേര്‍ത്തതാം പഴങ്കിനാവുകള്‍
കൊറിച്ചുനാമിന്നീ മരുവില്‍ നില്‍ക്കുമ്പോള്‍
ഇളനീരാ‍വുന്നുണ്ടീ അവന്റെ കാവ്യങ്ങള്‍
ഇളനീരാ‍വുന്നുണ്ടീ അവന്റെ കാവ്യങ്ങള്‍


<

കവിത: ഇളനീര്‍
രചന: സി.എം. വിനയചന്ദ്രന്‍
ആ‍ലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂര്‍

Thursday, 19 July 2012

എന്റെ ഗ്രാമത്തിലേയ്ക്ക്


ഇനിയുമെന്‍ പ്രിയമുള്ള ഗ്രാമത്തിലേയ്ക്കെന്റെ
വിറയാര്‍ന്ന ചുവടുകള്‍ ഞാന്‍ ചവിട്ടാം
ഇനിയുമെന്‍ ഓര്‍മ്മകളില്‍ അരുതാത്ത ചിന്തകള്‍
അണപൊട്ടി അണയാതിരിയ്ക്കുമെങ്കില്‍
ക്രൌജ്ജമിഥുനങ്ങള്‍തന്‍ വ്യഥകണ്ട് വ്യസനിച്ച
ആദിമ കവിയ്ക്കുമില്ലിത്ര ദുഃഖം
ജടതീര്‍ത്ത നൊമ്പര ചിതകെട്ടടങ്ങിയോ-
രാമ രാമേതി ജപിച്ചു നീങ്ങാം
ചടുല സ്നേഹത്തിന്റെ ഉറവയൂറ്റുന്നൊരാ
രാവിന്റെ സ്വന്തം നിലാതുമ്പിനെ
അറിയാതെ ഒരുവേള സ്നേഹിച്ച രാത്രിയില്‍
നടകൊണ്ട ഞാനെത്ര കാഴ്ച കണ്ടു
ഒരുമതന്‍ നിലവിളക്കെരിയുന്ന നെഞ്ചിലെ
ഭയമെന്ന കൂരിരുള്‍ മാഞ്ഞതാവാം
നെടുവീര്‍പ്പൊരീണമായ് കേള്‍ക്കാം വിതന്ത്രിയാം
മനമൌന വീണയില്‍ നേര്‍ത്തപോലെ
പ്രകൃതിയുടെ ഊര്‍ജ്ജപ്രകാശം ഭയക്കുന്ന
പ്രാകൃതമനുഷ്യരാണെന്നുമെന്നും
പാടും പുലഭ്യവര്‍ഷത്തിലെന്നുള്ളിലെ
സഭ്യമാം വാക്കിന്‍ പ്രസക്തിയറ്റു
സാക്ഷരത പാടി പുകഴ്ത്തുമെന്‍ നാട്ടിലെ
സംസ്കാര ശൂന്യത ജ്വലിച്ചുയര്‍ന്നു
ആബാലജനങ്ങളില്‍ അലയടിച്ചുയരരുന്നു
കാട്ടാള നൃത്തക്കരാള ശബ്ദം
ഇരുളിന്റെ മറപറ്റി അന്യന്റെ ശയ്യയില്‍
അമൃതം നുണഞ്ഞിടും മാന്യവര്‍ഗ്ഗം
നെറിപൂണ്ട കാമപിശാചാം പിതാവിന്റെ
നെഞ്ചില്‍ പിടഞ്ഞതോ രക്തബന്ധം
ക്രൌജ്ജമിഥുനങ്ങള്‍തന്‍ വ്യഥകണ്ട് വ്യസനിച്ച
ആദിമ കവിയ്ക്കുമില്ലിത്ര ദുഃഖം
ജടതീര്‍ത്ത നൊമ്പര ചിതകെട്ടടങ്ങിയോ-
രാമ രാമേതി ജപിച്ചു നീങ്ങാം
ഇരുകരം കോര്‍ത്തുനിന്നടരാടി ജീവിത
ത്രാണനം ചെയ്തവര്‍ ശാന്തശീലര്‍
ഒരുമനസ്സും ഒരുമാറുമായി പുലര്‍ന്നവര്‍
മാറാടിന്‍ മണ്ണില്‍ പിടഞ്ഞു വീണു
അവതാര ലീലയുടെ അന്ത്യത്തിലെത്തുമൊരു
അവ്യക്ത ശക്തി ഉറഞ്ഞതാവാം
വാള്‍ത്തലകള്‍ വായ്ത്താരി മേളം മുഴക്കിയീ
ധാത്രിയ്ക്ക് നീരാട്ടു രക്തമേകാന്‍
തുടതുള്ളി നില്‍ക്കുന്ന വ്രണിത്രമാം രാഷ്ടീയ
കളിയരങ്ങില്‍ നിണം വീണതാവാം
നനവുള്ള മണ്ണിലെ ചുടു ചോരതന്‍ മണം
അറിയാതകന്നുപോയ് ചന്ദ്രബിംബം
ഒരുമതന്‍ ശാന്തിമന്ത്രാക്ഷരത്താളിലൊരു
വേദമന്ത്രം പോല്‍ സമന്ത ഭദ്രന്‍
ഗച്ഛാമി ശരണമെന്നോതിയൊരു മാനവന്‍
ഗുരുദേവ വചനവും വിസ്മരിച്ചോ
പഞ്ചേന്ദ്രിയങ്ങള്‍ക്കു പാമരം കെട്ടിയൊരു
നൊമ്പരക്കൂടാം മനസ്സകന്നു
ഗതിതേടി അലയുന്നൊരാത്മദുഃഖങ്ങളെ
തിരയുന്നു മൂകം മണല്‍പ്പരപ്പില്‍
ഉടുതുണിയ്ക്കൊരുഗതിയുമില്ലാത്തൊരമ്മതന്‍
ചുറ്റിലും തുള്ളും വിഷപ്പാമ്പുകള്‍
തുണയിറ്റ അഗതിയാം വിധവയുടെ കണ്ണുനീര്‍
തടവുന്ന ബാലനുണ്ടാത്മദുഃഖം
വായ്നീരുവറ്റി വരണ്ടു മരിയ്ക്കിലും
വാതില്‍ തുറക്കാത്ത നീതിപീഠങ്ങളേ
തൂങ്ങു തുലാസ്സതില്‍ തുല്ല്യമാക്കീടുമോ
പാവം മനുഷ്യന്റെ പ്രാണന്റെ വേദനം
ഇനിയുമെന്‍ പ്രിയമുള്ള ഗ്രാമത്തില്‍ നിന്നുമെന്‍
വിറയാര്‍ന്ന ചുവടുകള്‍ പിന്‍വലിയ്ക്കാം
ഇനിയുമെന്‍ ഓര്‍മ്മകളില്‍ അരുതാത്ത ചിന്തകള്‍
അണപൊട്ടി അണയാതിരിയ്ക്കുമെങ്കില്‍
അണപൊട്ടി അണയാതിരിയ്ക്കുമെങ്കില്‍


കവിത: എന്റെ ഗ്രാമത്തിലേയ്ക്ക്
രചന: ഗിരീഷ് പുലിയൂര്‍
ആലാപനം: ഗിരീഷ് പുലിയൂര്‍

Wednesday, 18 July 2012

വയലിന്റെ മക്കള്‍


പടനായകന്മാര്‍ രണം ചെയ്തു നേടിയ
പഴമകളോര്‍ത്താല്‍ കുളിരു കോരും
പരിപാവനന്മാരെ പെറ്റുവളര്‍ത്തിയ
പരമപവിത്രയെന്‍ പുണ്യഭൂമി
പകലോനുറങ്ങുവാന്‍ പോകും വരേക്കവന്‍
പണിയാളരിവയല്‍ കൊയ്തുകേറും
അരിവാളിന്‍ ഈണത്തില്‍
വയലാറിന്‍ ഈഴടി
അതുവഴി കാറ്റായൊഴുകിയെത്തും
അരവയര്‍ പട്ടിണി മാറ്റാനീ പാവങ്ങള്‍
അടിമകള്‍ പോലെ പണിയെടുക്കും
അതുകണ്ട് മേലാളന്മാരാ വരമ്പിന്മേല്‍
അധികാരി പോലെ ഇളിച്ചു നില്‍ക്കും
കൂലി വാങ്ങീടുവാന്‍ യാചിച്ചു നില്‍ക്കവെ
ചാട്ടവാര്‍ വാനിലിയുര്‍ന്ന് താഴും
ചെന്നിണം മേനിമേല്‍ വാര്‍ക്കും വിയര്‍പ്പാലെ
മണ്ണിടം തന്നെ നിണം പതിയ്ക്കും
ബ്രിട്ടീഷുകാരന് തുല്ല്യരായ് വാഴുന്ന
മുതലാളി വര്‍ഗ്ഗം വിറച്ച കാലം
പൊയ്പോയമിക്കാലമൊക്കെ തിരുത്തുവാന്‍
വന്നു മഹാരഥന്മാരനേകം

പുന്നപ്ര വയലാര്‍ സമരം നടത്തിയ
പുണ്യസഖാക്കള്‍ പിറന്ന നാട്ടില്‍
ചുടുചോര തന്നില്‍ ഉതിര്‍ത്തു നിവര്‍ത്തിയ
ചെങ്കൊടി വാനിലുയര്‍ന്നു പാറി
തൊഴിലാളി വര്‍ഗ്ഗമന്നൊന്നായ് കൊടിക്കീഴില്‍
അധികാരി വര്‍ഗ്ഗം വിറച്ചു തുള്ളി
മായ്ക്കാന്‍ കഴിയുമോ കയ്യൂര്‍ സഖാക്കള്‍ തന്‍
മാസ്മര തുല്ല്യമാം വിപ്ലവങ്ങള്‍
മാര്‍ക്സും, ലെനിനും പടുത്തുയര്‍ത്തി പണ്ട്
മണ്ണിന്റെ മക്കള്‍തന്‍ സംഘടന
വിപ്ലവ ജ്വാ‍ലകള്‍ വാനിലുയര്‍ന്നതും
വിസ്മയമേറ്റുന്ന സംഭവങ്ങള്‍
ധീര സഖാക്കള്‍ക്ക് ശക്തി പകര്‍ന്നിടാന്‍
ധീരനാം എ.കെ.ജി വന്ന കാലം
അധികാരിയാകാതെ അനുയായിയായ് മാറി
അദ്ധ്വാന വര്‍ഗ്ഗത്തിന്‍ തോഴനായി
രക്തസാക്ഷിത്വം വരിച്ചൊരെന്‍ നേതാക്കള്‍
രക്തം കൊടുത്തു ചുവന്ന ഭൂമി
അന്നവര്‍ ചിന്തിയ രക്ത കണങ്ങളാല്‍
മലയാള മണ്ണും ചുവന്നു പോയോ..

അരിവാളിന്‍ വായ്ത്തല കണ്ടൊരു തമ്പ്രാക്കള്‍
അറകളില്‍ പോയന്നൊളിച്ചിരുന്നു
അടിമകളല്ലെങ്ങള്‍ അടിയാളന്മാരല്ല
അടിയാന്റെ കുത്തകക്കാരുമല്ല
നെല്‍ക്കതിര്‍ കൊയ്യുവാന്‍ പട്ടിണി മാറ്റുവാന്‍
നല്‍കുമോരാശ്രയം പൊന്നരിവാള്‍
കൂലി ചോദിയ്ക്കുകില്‍ മാനം കവരുന്ന
തല കൊയ്യുവാനുമീ പൊന്നരിവാള്‍
ദേശാഭിമാനികള്‍ ജീവിച്ചിരുന്നൊരി
ദേശത്തിലെല്ലാം ദരിദ്ര ജന്മം
വിണ്ടുവരണ്ട വയലിന്‍ വരമ്പിലി-
ന്നില്ല ചിലയ്ക്കുന്ന പക്ഷിവൃന്ദം
കൊയ്ത്തരിവാളിന്റെ നാദം നിലയ്ക്കാത്ത
കൊച്ചു പുലരികള്‍ വന്നു ചേരാന്‍
മെയ്യൊത്തു കൈകോര്‍ത്തു പോകാം നമുക്കിനി
രക്തപതാകത്തണലുമാത്രം
ഇനിയുമെന്‍ താക്ക്രിനി എന്നെ വിളിയ്ക്കുകില്‍
ഇനിയുമെന്‍ ചുടു ചോര വാര്‍ന്നു നല്‍കാം
അധികാര മോഹികള്‍ നിന്‍ മെയ് പിളര്‍ക്കുകില്‍
അറിവോടെ ഞാനെന്‍ കൊടി പിടിയ്ക്കും..!



കവിത: വയലിന്റെ മക്കള്‍
രചന: ഹരി വെട്ടൂര്‍
ആ‍ലാ‍പനം: ഹരി വെട്ടൂര്‍

Tuesday, 17 July 2012

യേശുദാസ്


വിണ്ണിന്റെ സംഗീത വീണയില്‍ നിന്നൊരു
പുണ്യ സ്വരത്തിന്റെ മുത്ത്
മണ്ണിന്‍ മലയാളത്തേന്മൊഴിയ്ക്കാനന്ദ-
കണ്ണുനീര്‍ മുത്തായ് ഭവിച്ചു
പുണ്യം മുന്‍ജന്മ പുണ്യം
ഈ മണ്ണിന്റെ ആത്മീയ സുകൃതം

പാഴ്മുളം തണ്ടിലെ ഓങ്കാരമുത്തല്ലോ
പാട്ടിന്റെ പാലാഴി തീര്‍ത്തു
കൂട്ടം തിരിയും കുയിലുകള്‍ നിന്‍ സ്വരം
കേട്ടു പഠിയ്ക്കാന്‍ വരുന്നു
താമരപ്പൂവില്‍ നിറഞ്ഞോരമൃതിന്റെ
ഓമനപ്പാട്ടുകള്‍ പാടി

എത്രയോ ജന്മം നിറയ്ക്കുന്നു നീ നിന്റെ
സപ്തതിപ്രാത പ്രണാമം
വേദസരസ്സിലെ നാദത്തിന്‍ പത്മശ്രീ
രാഗമേ നിയെന്നെന്നുമെന്നും
ദൈവങ്ങള്‍ പോലും സ്വകാര്യമായ് മോഹിയ്ക്കും
വൈഭവം വാഴ്കെ നീ നീണാള്‍..

--------------------------------------------
മറ്റ് യേശുദാസ് കവിതകള്‍:-

--------------------------------------------



കവിത: യേശുദാസ്
രചന: എസ്. രമേശന്‍ നായര്‍
ആലാപനം: വിധുപ്രതാപ്

Monday, 16 July 2012

കേരളീയം


ഏത് വിദേശത്ത് പോന്നു വസിച്ചാലും
ഏകാംബ പുത്രരാം കേരളീയര്‍
നീരില്‍ താന്‍ മാതിന്റെ പീലിക്കുടകളാം
കേരങ്ങള്‍ തന്‍ പട്ട ചെറ്റിളക്കി
പേരാറ്റില്‍, പമ്പയില്‍, തൃപ്പെരിയാറ്റിലും
പാറി കളിയ്ക്കുന്ന പൈങ്കാറ്റല്ലോ
ദൂരെ വിദേശസ്ഥലരാകിലും നമ്മള്‍-
ക്കിന്നോരോരോ വീര്‍പ്പിലും ഉദ്ഗമിപ്പൂ
കേരളജാതന്മാര്‍ നാമെങ്ങുചെന്ന് പാര്‍ത്താലും
കേരളനാട്ടില്‍ താനത്രെ വാഴ്വൂ
ദൂരദൂരങ്ങളിലാപതിയ്ക്കുമ്പോഴും
സൂര്യനില്‍ താനല്ലോ തദ് രശ്മികള്‍
ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍



കവിത: കേരളീയം
രചന: വള്ളത്തോള്‍
ആലാപനം: അമ്പിളി

Saturday, 14 July 2012

മകന്റെ അമ്മ


തിരിഞ്ഞു നടക്കുന്നു നീ
തുണയാരുമില്ലാത്തോരെന്‍
ഉതിര്‍ന്ന കണ്ണുനീര്‍
തുടയ്ക്കാനൊരുമ്പിടാതെ
അന്ധമാം മാതൃസ്നേഹം
നെറുകയില്‍ പുതഞ്ഞപ്പോള്‍
വിങ്ങിയ മാറില്‍ നീറും
നോവ് നീ മറന്നുവോ?
പുണ്യമാം ഗര്‍ഭഗേഹ-
സൌരഭ്യം ചുമന്നെത്തി
രാ‍മനെ പ്രസവിച്ച
കൌസല്ല്യയല്ലല്ലോ ഞാന്‍...
ഒരു ചൂണ്ടുവിരലില്‍
ഭാഗ്യരേണുവില്‍ ഭരതനെ
നൃപനായി വാഴിച്ചീടാന്‍
കൈകേയിയുമല്ല ഞാന്‍...
സുമിത്ര മാത്രം..
പാവം സുമിത്ര മാത്രം!
പതിത സിന്ദൂരത്തിന്‍
പാപത്തിന്‍ താലിക്കൂട്
കഴുത്തിലണിയുന്നോള്‍
വിട്ടു പോകുമ്പോള്‍
പുത്രാ,ഒട്ടിട പറയാമോ
ശിഷ്ട ജീവിതം പിന്നെ
ഊര്‍മ്മിള എന്തു ചെയ്യും?
കാലത്തിന്‍ നെരിപ്പോടില്‍
നഷ്ടത്തിന്‍ ചാരം പേറും
ദുരന്തം കാഞ്ഞിരിയ്ക്കുമ്പോള്‍ ഞാന്‍
നിന്നെ ശപിച്ചു പോകുമോ കുഞ്ഞേ..?

വീഡിയോ വേര്‍ഷന്‍:-




കവിത: മകന്റെ അമ്മ
രചന: അജിത ടി.ജി
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂര്‍

Friday, 13 July 2012

മരണമെത്തുന്ന നേരത്ത്


മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ
കനലുകള്‍ കോറി മരവിച്ച വിരലുകള്‍
ഒടുവില്‍ നിന്നെ തലോടി ശമിയ്ക്കുവാന്‍
ഒടുവിലായകത്തേയ്ക്കെടുക്കും ശ്വാസ-
കണികയില്‍ നിന്റെ ഗന്ധമുണ്ടാകുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ

ഇനി തുറക്കേണ്ടതില്ലാത്ത കണ്‍കളില്‍
പ്രിയതേ നിന്മുഖം മുങ്ങി കിടക്കുവാന്‍
ഒരു സ്വരം പോലുമിനിയെടുക്കാത്തൊരി
ചെവികള്‍ നിന്‍ സ്വര മുദ്രയാല്‍ മൂടുവാന്‍
അറിവും ഓര്‍മ്മയും കുത്തും ശിരസ്സില്‍ നിന്‍
ഹരിത സ്വച്ഛ സ്മരണകള്‍ പെയ്യുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ

അധരമാം ചുംബനത്തിന്റെ മുറിവു നിന്‍
മധുരനാമ ജപത്തിനാല്‍ കൂടുവാന്‍
പ്രണയമേ, നിന്നിലേയ്ക് നടന്നൊരെന്‍
വഴികള്‍ ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍
അതുമതി ഈ ഉടല്‍ മൂടിയ മണ്ണില്‍ നിന്നി-
വന് പുല്‍ക്കൊടിയായ് ഉയിര്‍ത്തേല്‍ക്കുവാന്‍
മരണമെത്തുന്ന നേരത്തു നീയെന്റെ
അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ





കവിത: മരണമെത്തുന്ന നേരത്ത്
രചന: റഫീഖ് അഹമ്മദ്
ആലാപനം: ഉണ്ണിമേനോന്‍

Thursday, 12 July 2012

ഒരു ഭടന്റെ ഓര്‍മ്മയ്ക്ക്


ഗിരിശൃംഗ ഹിമശയ്യയില്‍
മയങ്ങുന്നുവോ ഹേ ശരവണന്‍
വ്രണിതമാം മാതൃഹൃദയമോര്‍ത്തിന്നു
കരളുരുക്കുന്നുവോ ശരവണന്‍
നിന്‍ രുധിരചിത്രം പതിഞ്ഞ വസ്ത്രാഞ്ചലം
ഇറുകെ മാറില്‍ പുണര്‍ന്നു നിന്നിന്നവള്‍
ഇണശരം തീണ്ടി ധരണി പൂക്കവേ
കരളു കീറി കരയും ക്രൌഞ്ജമായ്
കനലുകക്കുന്ന കണ്ണുമായ് നില്‍ക്കവേ
കാറ്റ് ചൊല്ലി കരയാതിരിയ്ക്കുക

പുഞ്ചിരിച്ചവന്‍ ഭൂമിയെ പുല്‍കുന്നു
തന്‍ പിതാമഹന്‍ പൊന്‍ ശരശയ്യയില്‍
ഉത്തരായനം കാത്തുറങ്ങുന്നതും
തന്ത്രിപൊട്ടി വെടിയുതിര്‍ന്നീടവേ
തംബുരു ശ്രുതി റാം എന്നുരച്ചതും
മെല്ലെയോര്‍ത്തു കിടക്കയാണിന്നവന്‍
പട്ടുമെത്തപോല്‍ ആ മഞ്ഞു മെത്തയില്‍

പുഞ്ചിരിയ്ക്കയാണാമുഖം പിന്നെയും
പിന്നെയെന്തിനു നീ കരഞ്ഞീടണം
കാറ്റു ചൊല്ലി കരയാതിരിയ്ക്കുക
കരളിലൊരു കോണിലിപ്പോഴും നീയെന്ന
തരളമാം സത്യം അറിക നീയെങ്കിലും
കരളിലൊരു കോണില്‍ ഇപ്പോഴും പിച്ചിയും
തളിരിളം പാല പൂക്കയാണെങ്കിലും
കരളിലൊരു കോണില്‍ ഇപ്പോഴും പൂക്കളും
ചെറുവയല്‍ക്കിളി കുഞ്ഞുമാണെങ്കിലും
വിജന സന്ധ്യകളില്‍ വീണ്ടുമാ കുറുനരികള്‍
കുറുകുമൊറ്റയ്ക്ക് കാതോര്‍ത്തിരിപ്പവന്‍
അടയിരിയ്ക്കുന്നൊരമ്മയ്ക്ക് കൂട്ടായ്
തളിരുലയ്ക്കുന്നരരുമയ്ക്ക് കാവലായ്
അവന്‍ അവിടെയുണ്ടു നീ കരയാതിരിയ്ക്കുക
അവനുറങ്ങാന്‍, തണുക്കാന്‍, വിശന്നിടാന്‍
സമയമല്‍പ്പവും ബാക്കിയില്ലോര്‍ക്കുക
അവനെയോര്‍ത്തു നീ കരയാതിരിയ്ക്കുക
അവനെയോര്‍ത്തു നീ പുളകം പുതയ്ക്കുക

താരകങ്ങളില്‍ തിരയാതിരിയ്ക്കുക
സാഗരത്തിന്റെ സിംഹനാദങ്ങളില്‍
മണ്ണിന്റെ വറ്റാത്ത ഉപ്പുനീരില്‍
അവന്‍ അവിടെയുണ്ട്
നീ കരയാതിരിയ്ക്കുക..
കരയാതിരിയ്ക്കുക..!



കവിത: ഒരു ഭടന്റെ ഓര്‍മ്മയ്ക്ക്
രചന: മുരുഗന്‍ കാട്ടാക്കട
ആലാപനം: മുരുഗന്‍ കാട്ടാക്കട

Wednesday, 11 July 2012

രാമനാഥന്‍ പാടുമ്പോള്‍


രാമനാഥന്‍ പാടുന്നു..
മൌനത്തിന്റെ തടാകത്തില്‍ പളുങ്കിന്റെ വസന്തം
വനഹൃദയത്തിലെ മഹാവൃക്ഷത്തിനകത്തെ
ഹരിത രസത്തിന്റെ വിളമ്പിതസഞ്ചാരം
ഗുഹാന്തരത്തിലെ കുളിര്‍നീരുറവയുടെ
മന്ത്രസ്ഥായിയിലുള്ള വിശുദ്ധ വിസ്താരം
മൌനത്തിന്റെ രജതയാമങ്ങള്‍ക്കു കുറുകെ
നാദത്തിന്റെ പൊണ്മാന്‍ ചാടുന്നു
സ്ഥലചരങ്ങളോടും ജലചരങ്ങളോടും രാമന്‍
അവന്റെ വ്യാകുലമായ ചോദ്യമാവര്‍ത്തിയ്ക്കുന്നും
സേതുവില്‍ പ്രതിധ്വനിയ്ക്കുന്ന പെരുമ്പറകള്‍
അസ്തവര്‍ഷങ്ങളുടെ അനസ്യൂതഹങ്കാരങ്ങള്‍
ഓരോ രാവണശിരസ്സിലും നിര്‍വ്വാണ വാഗ്ദാനങ്ങള്‍
അഗ്നിയുടെ നെറ്റിപിളരുന്ന അഭിമാന പ്രാര്‍ത്ഥനങ്ങള്‍
പിളരുന്ന ഭൂമിയുടെ മുഴങ്ങുന്ന തേങ്ങലോടെ
രാഗ വിസ്താരം അവസാനിയ്ക്കുന്നു
വീണ്ടും മുറികൂടിയ ഭൂമിയുടെ വിമൂഖമായ-
കിതപ്പില്‍ നിന്ന് കീര്‍ത്തനമാരംഭിയ്ക്കുന്നു
ത്യാഗരാജന്റെ മറഞ്ഞു പോയ സീതമ്മ
വാടാത്ത അശോകവനിയായി പൂത്തുയരുന്നു..
രാമനാഥന്‍ പാടുന്നു..
ലുബ്ദന്‍ സ്വര്‍ണ്ണനാണയങ്ങളെന്ന പോലെ
ഗായകന്‍ സ്വരങ്ങള്‍ തുടച്ച് തിരഞ്ഞെടുക്കുന്നു
അര്‍ത്ഥങ്ങളുടെ വെറും ശരീരമുരിഞ്ഞിട്ട ശബ്ദം
ജന്തുക്കളിലും വസ്തുക്കളിലും കൂടി കടന്നു പോകുന്നു
കാളയുടെ കുരലില്‍ അവനൊരു തുടി
കുയിലിന്റെ തൊണ്ടയില്‍ പുള്ളുവന്റെ കുടം
ആനയുടെ കുരലില്‍ അമറുന്ന തംബുരു
ഇപ്പോള്‍ അവനൊരു മുരളി
അവന്റെ തുളകളിലൂടെ വേനലില്‍ മെലിഞ്ഞ പുഴകള്‍
ഇപ്പോള്‍ ഒരു വീണ
അവന്റെ കമ്പികളിലൂടെ ശരത്കാലത്തെ മഴകള്‍
ഇപ്പോള്‍ മൃദംഗങ്ങളുടെ ഗിരിനിര
അവിടെ വന്നു പോയ വസന്തങ്ങളുടെ ഊഷ്മളമായ മുഴക്കം
ഇപ്പോള്‍ വയലിനുകളുടെ താഴ്വര
അവിടെ വരാനിരിയ്ക്കുന്ന ഹേമന്തത്തിന്റെ മരവിപ്പിയ്ക്കുന്ന പെരുക്കം
പല്ലവികളുടെ സുവര്‍ണ്ണ ഗോവണികള്‍ കയറി
പ്രകാശത്തിന്റെ ആരോഹണം
നാദഗോപുരത്തിന്റെ നട്ടുച്ചയിലേയ്ക്ക്
അനുപല്ലവികളുടെ വെണ്ണക്കല്‍ പടവുകളിലൂടെ
ക്രീഡാക്ഷീണവുമായി അവരോഹണം
നടുമുറ്റത്തെ സൌമ്യ സായന്തനത്തിലേയ്ക്ക്
രാമനാഥന്‍ പാടുമ്പോള്‍
ലയം ഭക്തിയുടെ ഉടല്‍ വിട്ട് പറന്നുയരുന്നു
രാഗം അതിന്റെ സുതാര്യമായ ആത്മാവ് വീണ്ടെടുക്കുന്നു
ഗതകാല പുഷ്ക്കരത്തില്‍ വിടരുന്ന താമരകള്‍ക്കിടയില്‍
സാമജവരന്‍ ഇളകിയാടുന്ന ഹിന്ദോളം
വിജനമായ രജതഗിരിയുടെ സ്ഫടിക തുഷാരം
സുന്ദരേശനായി നടനമാടുന്ന ശങ്കരാഭരണം
വിന്ധ്യസാനുവിലെ ഹിമമുഖപടമണിഞ്ഞ
വനസരോവരത്തിന്റെ മായാമാളവഗൌളം
ദമയന്തീസന്ദേശവുമായി പറന്നുയരുമ്പോള്‍
വസന്തമേഘങ്ങള്‍ക്കിടയില്‍നിന്നുതിരുന്ന ഹംസധ്വനി
ജഗതംബയുടെ ഘനലാസ്യത്തിലെന്നുപോലെ
വസുന്ധര മലരണിയുന്ന ആനന്ദഭൈരവി
കേള്‍വിക്കാരാ, നിലയ്ക്കാത്ത പ്രതിധ്വനികളുടെ
ആയിരം കാല്‍ മണ്ഢപത്തില്‍
കാവേരിയുടെ മരിയ്ക്കാത്ത കാറ്റേറ്റ് വിശ്രമിയ്ക്കുക
പാടിക്കഴച്ച തൊണ്ടയില്‍
തോല്‍ പൊളിച്ച മൌനം പിഴിഞ്ഞൊഴിയ്ക്കുക
ആടിത്തളര്‍ന്ന കാലുകള്‍
നിര്‍ജ്ജനതയുടെ തിരകളിലാര്‍ത്തി തണുപ്പിയ്ക്കുക
രാമനാഥന്‍ പാടുമ്പോള്‍
ഏതോ ഹിമാവൃത ഭൂഖണ്ടത്തിലാണ്ടുപോയ
പ്രാര്‍ത്ഥന നഗരത്തിന്റെ തെരുവുകളിലലയുന്ന പഥികന്‍
ഇപ്പോഴും വറ്റാതൊഴുകുന്ന മനുഷ്യ ശബ്ദത്തിന്റെ
തെളിനീരുറവ കണ്ടെത്തുന്നു
രാമനാഥന്‍ പാടുമ്പോള്‍
മരിയ്ക്കുന്ന ഭൂമിയില്‍നിന്ന് പറന്നുയരുന്ന
അവസാനത്തെ ശൂന്യാകാശ നാവികന്‍
മറ്റൊരു നക്ഷത്രത്തില്‍ ഇലവിരിഞ്ഞുയരുന്ന
ജീവന്റെ നാമ്പ് കണ്ടെത്തുന്നു..!



കവിത: രാമനാഥന്‍ പാടുമ്പോള്‍
രചന: സച്ചിദാനന്ദന്‍
ആലാപനം: സച്ചിദാനന്ദന്‍

Monday, 9 July 2012

മഴത്തുള്ളികള്‍


മഴയ്ക്കെന്തൊരു ഭംഗി പറഞ്ഞു പതുക്കെ നീ
മഴത്തുള്ളികള്‍ വേനല്‍ ചൂടാര്‍ന്ന മണ്ണില്‍ വീഴ്കെ
അതിന്റെ കുളിര്‍മ്മ ആ മണ്ണിലേക്കാളും
നിന്റെ മനസ്സില്‍ പടര്‍ന്നിട്ടോ, മഴയിലലിഞ്ഞിട്ടോ
അടക്കാനാവാതേതോ കൌതുകം തുളുമ്പും പോല്‍
പതുക്കെ പറഞ്ഞു നീ.. മഴയ്ക്കെന്തൊരു ഭംഗി!

തുള്ളി തുള്ളിയായ് പിന്നെ വെള്ളിക്കമ്പികളായ്
ആ കമ്പികള്‍ മുറുക്കിയ ശത തന്ത്രിയും മീട്ടി
മണ്ണിലേയ്ക്കിറങ്ങി വന്നു ഈ മഴ
ഒരു ജിപ്സി പെണ്‍കിടാവിനെ പോലെ
മുറ്റത്തു നൃത്തം ചെയ്കെ
നിന്‍ മിഴികളിലേതോ കലിമ്പം
വീണ്ടും ബാല്യനൈര്‍മ്മല്യം മൊഴിയില്‍
ഹായ് മഴയ്ക്കെന്തൊരു ഭംഗി..!

തൊട്ടുമുന്നിലെ കാഴ്ചയ്ക്കപ്പുറം എന്തോ-
കാണും മട്ടില്‍ നീ ഇരിയ്ക്കുന്നു
ഓര്‍മ്മയിലിന്നും മരിയ്ക്കാത്തൊരു പുഴ
അതിനയ്ക്കരെ പോകാന്‍ കൊച്ചുകൂട്ടുകാരുമായ്
നീയും പാവാട തെറുത്തേറ്റി പോകുന്നു
പൊടുന്നനെ വീഴുന്നു മഴ
പുഴയോളങ്ങള്‍ വെള്ളിക്കൊലുസ്സിട്ടു തുള്ളുന്നു ചുറ്റും
കുളിര്‍ത്തു ചിരിച്ചാര്‍ത്ത് മഴയി-
ലടിമുടി കുതിര്‍ന്ന് പുഴയോരത്തെത്തുന്നു
നടവഴി വരമ്പില്‍ നെല്ലിപൂക്കള്‍
കൊളിച്ചീറന്‍ ചുറ്റി വരവേല്‍ക്കുന്നു
നിന്റെ മുന്നിലാ മഴ മാത്രം
ആ നടവഴിമാത്രം
ആ വയല്‍ പൂക്കള്‍ മാത്രം
ഞാനടുത്തിരിപ്പതും മറന്നു പറഞ്ഞു നീ
മഴയ്ക്കെന്തൊരു ഭംഗീ..!
മഴയ്കെന്തൊരു ഭംഗീ..!
ഇപ്പോളീ നിന്നെ കാണുമ്പോള്‍
പതുക്കെ പറഞ്ഞു ഞാന്‍
നിനക്കെന്തൊരു ഭംഗീ!



കവിത: മഴത്തുള്ളികള്‍
രചന: ഒ.എന്‍.വി
ആലാപനം: ബാബു മണ്ടൂര്‍

Sunday, 8 July 2012

യേശുദാസ്


മന്ത്രനീല മഹാനവം
മദ്ധ്യഗോള മഹാഭുവം
താരജാല മഹാഭിവം
ഗാനഗന്ധര്‍വ്വ വൈഭവം

ഏങ്കദീദ്രാക്ഷാരാമം
വെണ്‍ശ്രുതിചേര്‍ക്കും പ്രേമം
വിദ്രുമോശാരോം കുസുമം
അങ്ങുദ്യാന ഗാന ശൌളഭം

ഭാഗവത വൈഖരീഭാവം
ഭാഗവതര്‍ ഭാണിയായ്
ഭൈദിടാമുത്തമ ഗീതം
ഭൈസ്വരിതാം വാണിയായ്
--------------------------------------------
മറ്റ് യേശുദാസ് കവിതകള്‍:-

--------------------------------------------



കവിത: യേശുദാസ്
രചന: ആര്‍.കെ. ദാമോദരന്‍
ആലാ‍പനം: ജെയ്സണ്‍

Saturday, 7 July 2012

ആരാണു നീ ഒബാമ?


ആരാണു നീ ഒബാമ?
എന്റെ താരാട്ടു പാട്ടിന്റെ ഈണമാണോ?
അമ്മ ചോദിയ്ക്കുന്നു ഇറാഖില്‍ നിന്നും
ആരാണു നീ ഒബാമ?
എന്റെ നാടിന്റെ സ്വാതന്ത്ര്യ ഗീതമാണോ?
കുഞ്ഞു ചോദിയ്ക്കുന്നു കാബൂളില്‍ നിന്നും
ആരാണു നീ ഒബാമ?
എന്റെ കാടിന്റെ ചൂളം വിളികളാണോ?
ആരാണ് ചോദിച്ചതെന്നോ
ചെഗുവേരതന്‍ നാട്ടിലെ പോരാളിയല്ലോ
ആഫ്രിക്കയില്‍ പൂത്ത പൂവു ചോദിയ്ക്കുന്നു
ആരാണു നീ ഒബാമ?
ഗംഗാ നദിയിലെ മത്സ്യങ്ങള്‍ ചോദിപ്പൂ
ആരാണു നീ ഒബാമ?
സിന്ധൂ ഗംഗാ നദീ തീരങ്ങളും
വിന്ധ്യ ഹിമാചല ഗോകര്‍ണ്ണവും
കന്യാകുമാരിയും കാശ്മീരുമൊന്നിച്ചു നിന്നോട് ചോദിപ്പൂ
ആരാണു നീ ഒബാമ?
ആയിരൊത്തൊന്നു കഥകളില്‍ മിന്നിയ നാടുകള്‍
ചുട്ടമണല്‍ക്കാടുകള്‍ ഭീതിയോടല്ലെങ്കിലും
പച്ചമാംസ കരിഞ്ഞ മണത്തിന്റെ മുന്നില്‍ നിന്നാരാഞ്ഞീടുന്നൂ
നീ ആരാണെന്നു ചൊല്ലൂ ഒബാമ?
ലോക മഹായുദ്ധ കേളികളാടിയ വേദാളശക്തിതന്‍
നഷ്ടാവശിഷ്ടങ്ങള്‍ ചോദിച്ചിടുന്നു
ആരാണു നീ ഒബാമ?
മാലാഖയോ, മാര്‍ജ്ജാരനോ നീ ഒബാമ?
കൊല്ലുമോ നീയെന്‍ ഒബാമ?
കൊല്ലുകില്ലെന്നുരയ്ക്കാമോ?
ഗാസയില്‍ മണ്ണില്‍ പുതഞ്ഞു മരിച്ചൊരു
പൂവു ചോദിയ്ക്കുന്ന ചോദ്യം
നേരെ നിവര്‍ന്നുരയ്ക്കാമോ?
കൊല്ലുകില്ലെന്നുരയ്ക്കാമോ?
എല്ലാം തവിടുപൊടിയ്ക്കീടുന്ന
നിന്‍ സര്‍വ്വ സന്നാഹ സംഹാര ശക്തികള്‍
ഒന്നു പോലും ത്യജിയ്ക്കാതെ
എങ്ങിനെ കൊല്ലാതിരിയ്ക്കും ഒബാമ?
ചൊല്ലൂ ഒബാ‍മ നീ അരാണ്?
എന്തിനായ് വന്നു നീ?
കൊല്ലുവാനോ, കൊന്നു തിന്നുവാനോ?
അതോ കൊല്ലല്‍ നിര്‍ത്തി
ഇനി കൊല്ലുകില്ലെന്നുരച്ചീടുവാനോ?
പൊന്നുപോല്‍ നോക്കാന്‍ കഴിയുമോ ഞങ്ങളെ
കൊന്നു നിന്‍ മുന്‍ഗാമി തിന്നതിന്‍ ബാക്കിയായുള്ളൊരീ
കൊല്ലാകൊലക്കിരയായ കുഞ്ഞുങ്ങളെ
അമ്മമാരെ, പിതാശ്രേഷ്ഠരെ,
പന്തങ്ങള്‍ ചിന്തയില്‍ കത്തുന്ന യൌവ്വനത്തെ
നിന്റെ പടയും പടഹവും
ബോംബുകള്‍ ചിന്തുന്ന തീയും പുകയും പകകളും
വാരിധി പോലെ പരക്കും നിണങ്ങളും
ആയതു തീര്‍ക്കും രുദിരപുഴകളും
നിന്റെ റോക്കറ്റുകള്‍ ആകാശ ശൂന്യമാം
ധന്യപ്രപഞ്ച വിഹാരമഹാകാശ മണ്ഢല-
വീഥിയില്‍ നിന്നും ഉതിര്‍ക്കുന്ന തീമഴ
നക്ഷ്ത്ര യുദ്ധപഞ്ചാംഗങ്ങള്‍ തീര്‍ത്തു നീ
നിത്യം കളിയ്ക്കുന്ന ഭീകര ജ്യോതിഷം
നിര്‍ത്താന്‍ കഴിയുമോ
കൊല്ലാത്ത വര്‍ത്തമാനം
ഭാവി ഭാസുരമാക്കുമോ?
ചൊല്ലൂ ഒബാമ കഴിയുമോ താങ്കള്‍ക്ക്?
മുന്‍ഗാമി ചൊല്ലാത്ത സാന്ത്വനം ശാശ്വതം
കൊല്ലാതിരിയ്ക്കുമോയെങ്കില്‍ പറയുക
കൊല്ലുകില്ലാരെയും ആരെയും ഞാനിനി
നിന്റെ പിതാമഹന്മാര്‍ വന്ന നാള്‍വഴി
കണ്ടുമുരളുന്ന വന്‍കര ആഫ്രിക്ക
തന്‍ കൊടുങ്കാട്ടിലെ സിംഹങ്ങള്‍
സംശയം കൊണ്ടു ചോദിയ്ക്കുന്നു
ആരാണു നീ ഒബാമ?
നിന്റെ വംശത്തിന്റെ ചോര
ചോര ചീന്തിയ ചാട്ടവാര്‍ കൂട്ടം
അവര്‍തന്‍ ചങ്കും, കരളും പറിച്ച്
ഭക്ഷിച്ചൊരാ വര്‍ണ്ണ വെറിയ സംഘങ്ങള്‍
നിന്റെ പെണ്ണുങ്ങളെ സംഭോഗ സദ്യയില്‍
രണ്ടു നിമിഷം ഭുജിച്ചൂ ചവച്ചരച്ച്
ചണ്ടിയാക്കി തുപ്പി സായിപ്പു മോദിച്ച
അന്ധകാരത്തിന്റെ നാളുകള്‍ നിര്‍മ്മിച്ച
വന്‍ചതിക്കോട്ടകള്‍
ക്രൂര സംസ്ക്കാര ശവക്കോട്ടകള്‍
മിന്നുന്നുവോ നിന്റെ ഹൃത്തില്‍ സ്മരണകള്‍
തുള്ളുന്നുവോ നിന്റെ ചോര
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും, ലുമുംബയും,
കൃസ്ഹാനിയും വന്നുവോ നിന്റെ സ്മരണയില്‍
നീയൊരു മന്നനോ, മര്‍ത്യനോ, നീഗ്രോയോ
ചൊല്ലുക ആരാണു നീയിന്നൊബാമ?
രാജ്യ സേനാനിയോ വെറും ഭൃത്യനോ ചൊല്ലുക..?
ഓര്‍ക്കുന്നുവോ നിന്‍ മുന്‍ഗാമികള്‍ തീര്‍ത്ത
വേട്ടയില്‍ പെട്ടവരാരോ
ആ മഹാ ഗാന്ധി, ബണ്ഢാരനായക,
വങ്ക ബന്ധു റഹ്മാനും,
നിങ്ങള്‍ തന്‍ സ്വന്തം കെന്നഡി,
മിന്നുന്ന സദ്ധാം ഹുസൈന്‍,
ഹാംസ്റ്റാര്‍ഡില്‍ വിമാനത്തില്‍ നിന്നങ്ങു
വീഴിച്ചതേതു നഗരത്തില്‍
എങ്ങിനെ ഇന്ദിര പോയി, മകന്‍ പോയി
എങ്ങനെ കാര്‍ക്കറെ പോയി
വേട്ടയാടി പിടിച്ചില്ലയോ
നാടിന്റെ നേര്‍ക്കുനേര്‍ നിന്നവരല്ലേ
അവര്‍ നേര്‍ക്കുനേര്‍ നിന്നവരല്ലേ
ഓര്‍ക്കുന്നുവോ ചെഗുവേരയേ,
പാബ്ലോയെ, നാടിന്‍ തലവനനലന്തയെ
ഓര്‍ക്കുമ്പോള്‍ ഭീതിയുണ്ടല്ലേ?
നാണമുണ്ടല്ലേ ഓര്‍ക്കുവാനാല്ലേ?
വീണ്ടും പിടിയ്ക്കുമോ വേട്ടയില്‍
നാടിന്‍ രോമാഞ്ച നായകന്മാരെ?
ചൊല്ലൂ, പറയൂ ഒബാമ
താങ്കള്‍ക്കെന്താണ് പദ്ധതി?
തീര്‍ന്നില്ല പേരുകള്‍
നീളുന്നു പിന്നെയും
നാള്‍വഴി വീഥികള്‍ തോറും
ആരാണു നീ ഒബാമ?
ചൊല്ലുക ആരാണു നീ ഒബാമ?



കവിത: ആരാണു നീ ഒബാമ?
രചന: ജി സുധാകരന്‍
ആലാപനം: ഭുവനേന്ദ്രന്‍ നായര്‍

Friday, 6 July 2012

നീയും ഞാനും


പ്രണയിച്ചിരുന്നു നാം ഒരു നാളില്‍ ഈ മര-
ത്തണലില്‍ തളിര്‍ക്കുട കീഴില്‍
പ്രണമിച്ചിരുന്നു നാം ആ നാളില്‍ ആഴമാം-
സ്നേഹം പകുക്കവേ തമ്മില്‍
നിഴല്‍ വീണ വഴികളില്‍ മിഴിയോടു മിഴി നോക്കി-
രാഗം മൊഴിഞ്ഞു നാം തമ്മില്‍
ഒരു ലോകം, അതില്‍ നമ്മള്‍ മാത്രമായെങ്കിലെ
ന്നൊരുപാടു മോഹിച്ചു മനസ്സില്‍

പ്രണയിച്സിഹ്രുന്നു നാം ഒരു നാളില്‍ ഈ വഴി-
യരികിലെ മാവിന്റെ ചോട്ടില്‍
ഒരുമിച്സിരുന്നു നാം കാറ്റില്‍ പൊഴിഞ്ഞതാം-
മാവിലകള്‍ മൂടിയൊരു കല്ലില്‍
ചുനയുള്ള പുളിമാങ്ങ നെടുകെ പിളര്‍ന്നു നാം-
ഉപ്പും പുരട്ടി കഴിച്ചു
പ്രണയമാം തേനിന്റെ മധുരത്തിലന്നത്-
മാമ്പഴം പോലെ രുചിച്ചു

നാണിച്ചിരുന്നു ഞാന്‍ നിന്നെയെനിക്കേറെ-
ഇഷ്ടമാണെന്നു പറയാന്‍
കാണിച്ചിരുന്നു ഞാന്‍ എന്നിഷ്ടമൊക്കയും-
നോക്കിലും വാക്കിലുമെല്ലാം
ഹൃദയം തുളയ്ക്കുന്നൊരമ്പിന്റെ ചിത്രം-
വികൃതം വരച്ചു ഞാന്‍ തന്നു
കടലാസുതുണ്ടിലെ കടലോളമിഷ്ടം-
അന്നാദ്യമായ് നീ അറിഞ്ഞു

കാതോര്‍ത്തിരുന്നു ഞാന്‍ വളകിലുങ്ങുന്ന നിന്‍-
വര്‍ത്തമാനം കേള്‍ക്കുവാനായ്
കാറ്റേറ്റിരുന്നു ഞാന്‍ മുനുമിനുങ്ങുന്ന നിന്‍-
മുഖതാരകം കാണുവാനായ്
കസവുള്ള പട്ടിന്റെ പാവാടയിട്ടെന്റെ-
മുന്നിലൂടുന്നു നീ വന്നു
അഴകുള്ള പെണ്ണിന്റെ മിഴിവുള്ള കണ്ണിന്റെ-
നോട്ടം കൊതിച്ചു ഞാന്‍ നിന്നു

മോഹിച്ചിരുന്നു നാം ഒരുനാളില്‍ ഈ മലര്‍-
വള്ളിക്കുടക്കീഴിനുള്ളില്‍
ദാഹിച്ചിരുന്നു നാം ഒന്നിച്ചു പോകുവാന്‍-
പുള്ളിക്കുടക്കീഴിനുള്ളില്‍
മഴ മുത്തു കോര്‍ത്തൊരു കര്‍ക്കിടക സന്ധ്യയില്‍-
നിന്‍ കുടക്കീഴില്‍ ഞാന്‍ വന്നു
കുടയുടെ പാതിയും ഹൃദയം മുഴുവനും-
നിന്‍ ഇഷ്ടദാനമായ് തന്നു

മഴയായിരുന്നു ഞാന്‍ ഓരോ നിമിഷവും-
നിന്നെ അറിഞ്ഞൊരാ നാളില്‍
മഞ്ഞായിരുന്നു നീ ഓരോരോ മാത്രയും-
എന്നെ പുണര്‍ന്നൊരാ നാളില്‍
മഴമഞ്ഞിലൂടുന്നു തെന്നിക്കളിച്ചു നാം-
ഒത്തിരി സ്വപ്നങ്ങള്‍ നെയ്തു
കണ്ണെറിയാതെ കരളറിയാതെ നാം-
ഇത്തിരി കുസൃതികള്‍ ചെയ്തു

വെയിലായിരുന്നു ഞാന്‍ നിന്നിളം മേനി-
രാക്കുളിരില്‍ തണുക്കുന്ന നേരം
മയിലായിരുന്നു നീ ആദ്യനുരാഗമാം-
പീലിവിടര്‍ത്തുന്ന നേഅം
പ്രണയമാം തോണി തുഴഞ്ഞന്നു തമ്മില്‍ നാം-
സ്നേഹത്തിനാഴം അറിഞ്ഞു
മഴ നൂറ്റനൂലിനാല്‍ ഭൂമിയും സ്വര്‍ഗ്ഗവും-
ഹൃദയത്തിനറ്റം അളന്നു

നിഴലായിരുന്നു നീ എന്നിലും എന്റെ രാ-
ക്കനവിലും നിനവിലുമെല്ലാം
തണലായിരുന്നു ഞാന്‍ നിന്നിലും നിന്നിളം-
മിഴിയിലും മനസ്സിലും എന്നു
ഇരുളിന്റെ വേദിയില്‍ വിരല്‍ രൂപമായി നാം-
നിഴല്‍ നാടകങ്ങള്‍ കളിച്ചു
പകലിന്റെ പാതയില്‍ വാകമരങ്ങളായ്-
പൂക്കള്‍ പൊഴിച്ചു നാം നിന്നു

പ്രാര്‍ത്ഥിച്ചിരുന്നു നാം ദൈവത്തിനോടെന്നും-
നമ്മളെ ഒന്നാക്കി മാറ്റാന്‍
യാചിച്ചിരുന്നു നാം ലോകത്തിനോടെന്നും-
നമ്മളെ നല്ലതായ് കാണാന്‍
സ്നേഹത്തിനര്‍ത്ഥങ്ങള്‍ അറിയാതിരുന്നവര്‍-
നമ്മെയും തെറ്റിദ്ധരിച്ചു
നമ്മള്‍ പരസ്പരം വിശ്വാസമര്‍പ്പിച്ച-
നമ്മുടെ സ്നേഹം ജയിച്ചു

വരകളിലോടുന്ന വാക്കിന്റെ തീവണ്ടി-
കാത്തു കൊതിച്ചു നീ നിന്നു
കണ്ണാം കടലിലെ നോക്കിന്റെ കപ്പലില്‍
കയറുവാനായ് ഞാനും വന്നു
അറിയാതെ നമ്മിലെ പ്രാണന്റെ രേണുവാം-
പരമാണുവില്‍ നമ്മള്‍ തൊട്ടു
ആത്മാനുരാഗമാം ആകാശഗംഗയില്‍-
ആത്മാക്കളായ് നാം അലിഞ്ഞു

കണ്ണായിരുന്നു നീ കണ്മണി എന്റെ ക-
ണ്ണെത്താത്ത കാഴ്ചകളിലെന്നും
കാതിരിയുന്നു ഞാന്‍ കാതരേ നിന്‍ കാതു-
കേള്‍ക്കാത്ത കേള്‍വികളിലെല്ലാം
എന്നോ അകന്നൊരെന്‍ പെണ്ണേ അറിഞ്ഞുവോ-
അന്നേ അടഞ്ഞെന്റെ കണ്ണും
നിന്‍ കൂട്ടു വെട്ടി ഞാന്‍ നിന്‍ കൂടു വിട്ടുപോയ്-
കൂടെ നിന്‍ കേള്‍വിയും കാതും

നീയടുത്തില്ലാത്ത നേരങ്ങളില്‍ പ്രിയേ-
ഞാനെന്ന കല്‍പ്പന പാതി
ഞാനരികത്തുള്ള യാമങ്ങളില്‍ പ്രിയേ-
നീയെന്റെ കോവിലില്‍ ദേവി
ഞാന്‍ പൂര്‍ണ്ണമാകുവാന്‍ നീ വേണമെന്‍ സഖി-
നീ പൂര്‍ണ്ണമാകുവാന്‍ ഞാനും
സ്വന്തവും ബന്ധുവും നാം തന്നെ മത്സഖി-
നമ്മള്‍ക്കും നാം തന്നെയെല്ലാം

എന്‍ ശ്വാസമാണെന്‍ നിശ്വാസമാണു നീ-
അന്നുമെന്‍ ഓമനേ എന്നും
ആശ്വാസമാണു നിന്‍ നിശ്വാസമാണു ഞാന്‍-
എന്നെത്തെയും പോലെ ഇന്നും
ഇന്നലകളെപ്പോലെ നമ്മളൊന്നിക്കുന്ന-
നാളെകള്‍ ഇനി വന്നു ചേരാം
എന്നിലും നിന്നിലും പൂവുകള്‍ പൂക്കുന്ന-
കാലങ്ങള്‍ ഇനി വന്നു പോകാം

ഒരു പൂവു വിരിയുമ്പോള്‍ ഓര്‍ക്കുന്നു ഞാന്‍ നിന്റെ-
ചിരിയിലെ നഷ്ട വസന്തം
ഒരു പൂവു കൊഴിയുമ്പോള്‍ അറിയുന്നു നീ എന്റെ-
വിരഹദുഃഖത്തിന്റെ മൌനം
വേര്‍പിരിഞ്ഞെങ്കിലും നിന്റെയും എന്റെയും-
ഓര്‍മ്മയില്‍ നമ്മളൊന്നല്ലേ
മറക്കാന്‍ മറന്നു കൊണ്ടോര്‍ക്കുവാനോര്‍ക്കാം-
ഓര്‍മ്മ മാത്രം സ്വന്തമാക്കാം.. ഇനി-
ഓര്‍മ്മ മാത്രം സ്വന്തമാക്കാം...



കവിത: നീയും ഞാനും
രചന: രാജേഷ് അക്കിത്തയം
ആലാപനം: രമേഷ് മുരളി

Thursday, 5 July 2012

എന്റെ ഭാഷ



സന്നികൃഷ്ടാബ്ദിതന്‍ ഗംഭീരശൈലിയും
സഹ്യഗിരിതന്‍ അടിയുറപ്പും
ഗോകര്‍ണ്ണ ക്ഷേത്രത്തിന്‍ നിര്‍വൃതികൃത്വവും
ശ്രീകന്യമാലിന്‍ പ്രസന്നതയും
ഗംഗപോലുള്ള പേരാറ്റിന്‍ വിശുദ്ധിയും
തെങ്ങിളം കായ്നീരിന്‍ മാധുര്യവും
ചന്ദനൈലാലവങ്കാദിവസ്തുക്കള്‍ തന്‍
നന്ദിത പ്രാണമാം തൂമണവും
സംസ്കൃത ഭാഷതന്‍ സ്വാഭാവികൌജസ്സും
സാക്ഷാല്‍ തമിഴിന്റെ സൌന്ദര്യവും
ഒത്തുചേര്‍ന്നുള്ളൊരു ഭാഷയാണെന്‍ ഭാഷ
മത്താടി കൊള്‍കയാണഭിമാനമേ നീ

മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം
ചുണ്ടിന്മേല്‍ അമ്മിഞ്ഞാ പാലോടൊപ്പം
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ
സമ്മേളിച്ചിടുന്നതൊന്നാമതായ്
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍
മാതാവിന്‍ വാത്സല്ല്യ ദുഗ്ദം പകര്‍ന്നാലെ
പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ
അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴെ
നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ..

മധുരം മലയാളത്തിനു വേണ്ടി വികെ ശശിധരന്റെ ആവിഷ്ക്കരണം:-
ആലാപനം: അഖില, ഭൈരവി, അനുജ & ദിവ്യ ചന്ദ്രന്‍





കവിത: എന്റെ ഭാഷ
രചന: വള്ളത്തോള്‍
ആലാപനം: ജയചന്ദ്രന്‍

Wednesday, 4 July 2012

ഗൌരി


കരയാത്ത ഗൌരി തളരാത്ത ഗൌരി
കലികൊണ്ടു നിന്നാല്‍ അവള്‍ ഭദ്രകാളി
ഇതുകേട്ട് കൊണ്ടേ ചെറു ബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാക്കി വന്നു
നെറികെട്ട ലോകം കനിവറ്റ കാലം
പടകാളിയമ്മേ കരയിച്ചു നിന്നെ
ഫലിതത്തിനെന്നും തിരുമേനി നല്ലൂര്‍
കലഹത്തിനെന്നും അടിയാത്തി പോരും
ഗുരുവാക്യമെല്ലാം ലഘ്യവാക്യമായി
ഗുരുവിന്റെ ദുഃഖം ധ്വനി കാവ്യമായി
അതുകേട്ട് നമ്മള്‍ ചരിതാര്‍ത്ഥ്യരായി
അതുവിറ്റു പലരും പണമേറെ നേടി
അതിബുദ്ധിമാന്മാര്‍ അധികാരമേറി
തൊഴിലാളി വര്‍ഗ്ഗം അധികാരമേറ്റാല്‍
അവരായി പിന്നെ അധികാരി വര്‍ഗ്ഗം
അധികാരമപ്പോള്‍ തൊഴിലായി മാറും
അതിനുള്ള കൂലി അധികാരി വാങ്ങും
വിജയിയ്ക്കു പിന്‍പെ കൊതികൊള്ളു ലോകം
വിജയിയ്ക്കു മുന്നില്‍ വിരിയുന്നു കാലം
മനുജന്നു മീതെ മുതലെന്ന സത്യം
മുതലിന്നു മീതെ അധികാര ശക്തി
അധികാരമേറാന്‍ തൊഴിലാളി മാര്‍ഗ്ഗം
തൊഴിലാളിയെന്നും തൊഴിലാളി മാത്രം
അറിയേണ്ട ബുദ്ധി അറിയാതെ പോയാല്‍
ഇനി ഗൌരിയമ്മേ കരയാതെ വയ്യ
കരയുന്ന ഗൌരി തളരുന്ന ഗൌരി
കലിവിട്ടൊഴിഞ്ഞാല്‍ പടു വൃദ്ധയായി
മതി ഗൌരിയമ്മേ കൊടി താഴെ വെയ്ക്കാം
ഒരു പട്ടുടുക്കാം മുടികെട്ടഴിയ്ക്കാം ഉടവാളെടുക്കാം
കൊടുങ്ങല്ലൂര്‍ ചെന്നാല്‍ ഒരു കാവു തീണ്ടാം
ഇനി ഗൌരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള്‍ ഇരുളൊട്ടു നീങ്ങും
ചിതകെട്ടടങ്ങും കനല്‍ മാത്രമാകും
കനലാറിടുമ്പോള്‍ ചുടു ചാമ്പലാകും
ചെറുപുല്‍കൊടിയ്ക്കും വളമായി മാറും
കരയാത്ത ഗൌരി തളരാത്ത ഗൌരി
കലികൊണ്ടു നിന്നാല്‍ അവള്‍ ഭദ്രകാളി



കവിത: ഗൌരി
രചന: ചുള്ളിക്കാട്
ആലാപനം: ചുള്ളിക്കാട്

Monday, 2 July 2012

ജൈവ നിയോഗം


പാപഗ്രഹത്തിന്‍ മഹാ മൌന സീമയില്‍
ജീവ ബിന്ദുക്കള്‍ക്ക് ജീവന്‍ കൊതിയ്ക്കുന്ന
മാനുഷ്യകത്തിന്റെ ദുര്‍വിധി
ഏതൊരു ജന്മത്തിന്‍ പ്രതിക്രിയാവര്‍ത്തനം
കര്‍മ്മഫലങ്ങള്‍ തിടം വെച്ച രാത്രിയില്‍
കാലാതിവര്‍ത്തിയാം സത്യം മരിയ്ക്കുന്നു
വാഗ്ദത്ത ഭൂമിയും വാക്കും നശിയ്ക്കുന്നു
അല്ലെങ്കില്‍ എന്തിനീ ജീവിതം ഊഴിയില്‍
ആര്‍ദ്രത വറ്റിയ പാപഗ്രഹങ്ങളില്‍
പോയി പിറക്കട്ടെ ജീവന്റെ നാമ്പുകള്‍
ഭൂ‍മിയില്‍, ഭൂമിതന്‍ ആത്മ വ്യഥകളില്‍
നീരറ്റ വള്ളിയായ് എന്തിന്നു നാം വൃഥാ
അണുമാത്ര തൊട്ടങ്ങ് തന്‍ ഹൃത്തത്തിലേറ്റി
മടിയില്‍ കിനാവിന്റെ രൂപം രചിച്ച്
ഇരുളും മനസ്സുതന്‍ ആഴക്കയങ്ങളില്‍ തെളിയും
നിലാവാം അമ്മതന്‍ നൊമ്പരമറിയാത്ത
ജീവസ്വരങ്ങളീ മണ്ണില്‍ താളം-
പിഴപ്പിയ്ക്കുകലില്ലെങ്കില്‍ അത്ഭുതം
താണ്ഢവം പൂക്കും മരണാലായങ്ങളില്‍
താരാട്ടു കാതോര്‍ക്കും ആത്മസ്വരൂപികള്‍
കൂടപ്പിറപ്പുകള്‍ക്കന്നം വിലക്കിയ പാപം
പരലോക ജീവിത വൈകൃതം
സ്വപ്നം പിടയ്ക്കുന്നോരൂഷര ഭൂമിയെ
തത്വാശ്രുവെങ്കിലും തൂകി കുളിര്‍പ്പിച്ചൊരുവേള
നന്ദി രണ്ടക്ഷരം ചൊല്ലുവാന്‍പോലും
കഴിയാത്ത ജൈവിക സ്വത്വമേ
പോയിപ്പിറക്കുക ചൊവ്വയില്‍
ചൊവ്വതന്‍ അന്തരാളത്തിലെ പാപ സ്ഥലികളില്‍
ഓമനേ, നീ വന്ന് വേഗം ആ കൈത്തലം
കുഞ്ഞിന്റെ ദൃഷ്ടിയെ പാടെ മറയ്ക്കുക
കാലം കനം വെച്ച മൂര്‍ദ്ധാവില്‍ എന്തിനോ
കണ്ണീരുദകജലം പോല്‍ പൊഴിയ്ക്കുക
ആര്‍ദ്രത വറ്റാത്തൊരാ മിഴിക്കാവിലെ
നെയ് വിളക്കിന്‍ തിരി നീട്ടി തെളിയിക്കുക..!

വീഡിയോ വേര്‍ഷന്‍:-




കവിത: ജൈവനിയോഗം
രചന: പി.പി. പ്രകാശന്‍
ആലാപനം & ആവിഷ്ക്കാരം: ബാബു മണ്ടൂര്‍

Sunday, 1 July 2012

യേശുദാസ്


നിദ്രാരഹിതനാം മന്നവനെ
തന്റെ നിസ്തുല കിന്നരം മീട്ടിയുറക്കിയ
ദാവിതിന്‍ പിന്മുറക്കാരനായ് വന്ന നീ
കേവലം ഞങ്ങള്‍ക്ക് സാന്ത്വനമാകുക

സ്നേഹം സൌഗന്ധിക പൂക്കള്‍ കരിയവേ
വേശതാപത്തിനാല്‍ ഭൂമിയുരുകവേ
ദേവാലായതിരുമുറ്റത്തും അമ്പേറ്റ്
പ്രാവുകള്‍ തന്‍ നിണം ഇറ്റിറ്റ് വീഴവേ

തൊട്ടയല്പക്കത്തിഴെന്നുവരും തമ്മില്‍
ശത്രുക്കളാണെന്ന ഭീതിവളരവേ
സാന്ത്വനമാവുക എന്റെ സങ്കീര്‍ത്തനം
സാന്ദ്രമധുരമാം എന്‍ സ്വരാലപം

സപ്തതിയായെന്നത് വെറും ലൌകികസത്യം
യെന്നാല്‍ അതിനപ്പുറം നിന്നുടെ
മുഗ്ദ സംഗീതത്തിന് നിത്യയൌവനം
ഹൃത്തണ്ടികളിലതിന്‍ സുഖ സ്പന്ദനം
മര്‍ത്യതന്‍ മഹാക്ഷേത്ര സോപാനത്തില്‍
നിത്യപൂജയ്ക്കത് മംഗളാലാപനം

പാടുവനായ് നീ പിറന്നവന്‍ നീ
വീണ പാരിജാതങ്ങളെ വീണ്ടും വിടര്‍ത്തുക
മര്‍ത്യത കേഴും ഇടങ്ങളിലാകവെ
സപ്തസ്വരാമൃത വര്‍ഷിണി പെയ്യുക
--------------------------------------------
മറ്റ് യേശുദാസ് കവിതകള്‍:-

--------------------------------------------



കവിത: യേശുദാസ്
രചന: ഒ എന്‍ വി
ആലാപനം: വേണുഗോപാല്‍